വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്‌റ്റില്‍.

പാലക്കാട്‌: കൊടുമ്പ്‌ തിരുവാലത്തൂരില്‍ വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്‌റ്റില്‍. ചിറ്റൂര്‍ കൊടുമ്പ്‌ കിണാശേരി തോട്ടുപാലം നെല്ലിക്കുന്ന്‌ ബഷീര്‍(40), തത്തമംഗലം തുമ്പിച്ചിറ കൊല്ലംകുളമ്പ്‌ സത്യഭാമ (33) എന്നിവരെയാണ്‌ സൗത്ത്‌ പോലീസ്‌ ഇന്നലെ അറസ്‌റ്റ്‌ ചെയ്‌തത്‌. ശനിയാഴ്‌ച രാത്രി 8.30നാണ്‌ കൊടുമ്പ്‌ തിരുവാലത്തൂര്‍ ആറ്റിങ്കല്‍ വീട്ടില്‍ പത്മാവതി(74)യെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ഭര്‍ത്താവിന്റെ മരണശേഷം തറവാട്ടുവീട്ടില്‍ പത്മാവതി ഒറ്റയ്‌ക്കായിരുന്നു താമസം. മകനും കുടുംബവും തറവാടിനോടു ചേര്‍ന്ന മറ്റൊരു വീട്ടിലാണ്‌. 31നു രാത്രി ഭക്ഷണം കഴിക്കാനായി മകന്‍ അമ്മയെ വിളിക്കാനെത്തിയപ്പോഴാണ്‌ മരിച്ച നിലയില്‍ കണ്ടത്‌. കഴുത്തില്‍ പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാലയും നഷ്‌ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന നിഗമനത്തില്‍ വീട്ടില്‍ നവീകരണ പ്രവൃത്തികള്‍ക്കു വന്നവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസ്‌ അന്വേഷണം. കെട്ടുപണിക്കു വന്ന ബഷീര്‍ സംഭവദിവസം തൃശൂരിലേക്കു പോകണമെന്നു പറഞ്ഞ്‌ മൂന്നുമണിയോടെ പണിനിര്‍ത്തി പോയിരുന്നു. ഇതില്‍ സംശയം തോന്നിയ പോലീസ്‌ ബഷീറിന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ രാത്രിയോടെ ഒളിവില്‍ പോയതായി കണ്ടെത്തി. തുടര്‍ന്ന്‌ കൂടെ പണിക്കെത്തിയ സത്യഭാമയെ ചോദ്യം ചെയ്‌തു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന സത്യഭാമയ്‌ക്ക്‌ ബഷീറുമായി ബന്ധമുണ്ടായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്‌തതിലൂടെയാണ്‌ കൊലപാതകവിവരം പുറത്തുവന്നത്‌.