വീരമൃത്യു വരിച്ച ധീരസൈനികന്റെ അമ്മയുടെ കണ്ണീരിന് മുന്നില്‍ വിങ്ങിപെട്ടിയ മനസ്സുമായി കളക്ടര്‍

aleppy collector

പാക്കിസ്ഥാന്‍ വെടിവയ്പില്‍ വീരമൃത്യു വരിച്ച ധീരസൈനികന്‍ സാം ഏബ്രഹാമിന്റെ അമ്മയുടെ കണ്ണീരിന് മുന്നില്‍ പിടിച്ചു നില്‍ക്കനാവാതെ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ. സാമിന്റെ വീട്ടിലെത്തിയ കളക്ടര്‍ അമ്മ സാറാമ്മയുടെ അരികില്‍ അവരുടെ കൈകളില്‍ പിടിച്ച്, കണ്ണുകളിലേക്കു നോക്കി ഇരുന്നു. ഒരു കളക്ടറായല്ല, അമ്മയുടെ നോവറിയുന്ന ഒരു സ്ത്രീയായി. രാജ്യത്തിനുവേണ്ടി ജീവന്‍ ബലി നല്‍കിയ മകന്റെ അമ്മയാണു മുന്നില്‍. അവര്‍ പറയുന്നതു സ്വന്തം നഷ്ടത്തെക്കുറിച്ചല്ല, രാജ്യത്തിന്റെ നഷ്ടത്തെക്കുറിച്ചാണ്.
അമ്മയുടെ വാക്കുകള്‍ കേട്ടിരുന്ന കളക്ടര്‍ ഒരു നിമിഷത്തില്‍ വിങ്ങിപ്പൊട്ടി. ഇന്നലെ ഉച്ചകഴിഞ്ഞാണു കളക്ടര്‍ ടി.വി.അനുപമ സാം ഏബ്രഹാമിന്റെ വീട്ടിലെത്തിയത്. മുറ്റത്തു നിന്ന അച്ഛന്‍ ഏബ്രഹാമിനെ ആശ്വസിപ്പിച്ച ശേഷമാണ് അമ്മയുടെ അടുത്തേക്കു നീങ്ങിയത്. മനസ്സു തകര്‍ന്ന അമ്മയെ ആശ്വസിപ്പിക്കേണ്ടതെങ്ങനെയെന്നു വാക്കു കിട്ടാതെ, അവര്‍ പറയുന്നതു കേട്ട് അനുപമ ഏറെ നേരമിരുന്നു. മനസാന്നിധ്യം വീണ്ടെടുത്ത കളക്ടര്‍ കണ്ണീര്‍ തുടച്ചശേഷം അമ്മയുടെ കൈകളില്‍ പിടിച്ച് പറഞ്ഞു, ‘അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം…’ജമ്മുവിലെ അഖ്‌നൂര്‍ സുന്ദര്‍ബനിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40ന് ആണു സാം വെടിയേറ്റു മരിച്ചത്. മാവേലിക്കര പുന്നമൂട് പോനകം തോപ്പില്‍ ഏബ്രഹാം ജോണിന്റെയും സാറാമ്മയുടെയും മകനാണ്.