രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമാണ് റെയില്‍വേയെങ്കിലും ട്രെയിന്‍ യാത്രയെപ്പറ്റി അത്ര സുഖകരമായ അഭിപ്രായങ്ങളല്ല ബഹുഭൂരിപക്ഷം യാത്രക്കാര്‍ക്കുമുള്ളത്. ഇതില്‍ ഏറ്റവും പ്രധാന ആശങ്ക ട്രെയിന്‍ യാത്രയിലെ സുരക്ഷിതത്വ കുറവാണ്. സിസിടിവി ക്യാമറകളിലൂടെ ഇത്തരം ആശങ്കകള്‍ ലഘൂകരിക്കുവാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.ട്രെയിനിലെ ഓരോ കോച്ചുകളിലും എട്ട് ക്യാമറകള്‍ വീതം സ്ഥാപിക്കാനാണ് റെയില്‍വെ ഒരുങ്ങുന്നത്. വാതിലുകളും സീറ്റുകള്‍ക്ക് മധ്യത്തിലുള്ള ഇടനാഴിയും അടക്കം നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ക്യാമറകള്‍ സജ്ജീകരിക്കും.
ഇതിനായി 12 ലക്ഷം സിസിടിവി ക്യാമറകളാണ് സജ്ജീകരിക്കുക. രാജ്യത്തെ 11,000 ട്രെയിനുകളിലും, 85, 000 സ്റ്റേഷനുകളിലുമായി സിസിടിവി സജ്ജീകരിക്കുന്നത്. ഓരോ കോച്ചിനും എട്ട് സിസിടിവി ക്യാമറകള്‍ ഉണ്ടാകും. ഇതുകൂടാതെ പ്രധാന സ്റ്റേഷനുകളിലും ക്യാമറ സ്ഥാപിക്കും. നിലവില്‍ 395 സ്റ്റേഷനുകളിലും 50 ട്രെയിനുകളിലും സിസിടിവി സംവിധാനങ്ങളുണ്ട്. 2018-19 വര്‍ഷത്തെ ബജറ്റില്‍ ഈ പദ്ധതിക്കായി 3,000 കോടി മാറ്റിവയ്ക്കും.
നിലവില്‍ രാജ്യത്തെ അന്‍പത് ട്രയിനുകളിലും 395 സ്റ്റേഷനുകളിലും മാത്രമാണ് സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രയിനുകള്‍ മുതല്‍ പാസഞ്ചര്‍ ട്രയിനുകള്‍ വരെയുള്ള എല്ലാ ട്രെയിനുകളിലും രണ്ടു വര്‍ഷത്തിനകം ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഉന്നത റെയില്‍വെ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഉപയോഗ ശൂന്യമായി കിടക്കുന്ന 4943 ലെവല്‍ ക്രോസിംഗുകള്‍ ഒഴിവാക്കുന്നതിനും പഴയ ട്രാക്കുകള്‍ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി നിരവധി പദ്ധതികള്‍ ബജറ്റിലുള്‍പ്പെടുത്തുമെന്നാണ് സൂചന.