തിയേറ്ററുകളില്‍ ദേശീയഗാനം; ജസ്റ്റിസ് ചന്ദ്രചൂഡ് കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ചു

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി. ദേശീയഗാനം നിര്‍ബന്ധമാക്കി ഇടക്കാല വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ നിന്ന് തന്നെയാണ് തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്നതിനെതിരെ പരാമര്‍ശങ്ങള്‍ വന്നത്.

ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിലെ ജ.ചന്ദ്രചൂഢാണ് ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയത്.
എന്നാൽ, വിഷയത്തിൽ മൂന്നംഗ ബെഞ്ച് അംഗമായ ജസ്റ്റിസ് ചന്ദ്രചൂഡ് കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ചു. ജനങ്ങൾ തീയേറ്ററുകളിൽ പോകുന്നത് വിനോദത്തിനാണ്. ഇന്ന് ദേശീയഗാനം നിർബന്ധമാക്കുന്ന നിങ്ങൾ, നാളെ ദേശീയ ഗാനത്തിന് അപമാനമാകുമെന്ന കാരണം പറഞ്ഞ് ടീഷർട്ടും ഷോർട്ട്സും ധരിച്ച് തീയേറ്ററുകളിൽ വരുന്നത് നിരോധിക്കില്ലേയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു

തിയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കാത്തത് ദേശവിരുദ്ധമായി കാണാന്‍ പറ്റില്ലെന്ന് പറഞ്ഞ കോടതി ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. അതേസമയം, ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണെന്നും അവയെ ഒന്നിപ്പിക്കാൻ സിനിമ തീയേറ്ററുകളിൽ ദേശീയഗാനം ആലപിക്കേണ്ടതുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു.

രാജ്യസ്നേഹത്തിന്റെ അളവുകോൽ ദേശീയഗാനമായി കണ്ടുള്ള സദാചാര പോലീസിങ്ങ് അനുവദിക്കില്ലെന്നും ദേശീയഗാനത്തിന് എഴുന്നേറ്റ് നിൽക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ സർക്കാർ നിയമം കൊണ്ടുവരണമെന്നും കോടതി പറഞ്ഞു. നിയമനിർമാണത്തിലൂടെ നടപ്പാക്കേണ്ട കാര്യങ്ങളാണിത്. ഇക്കാര്യത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന വിലയിരുത്താണ് ഇപ്പോൾ കോടതിക്കുള്ളതെന്നും ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. കേസ് വിശദവാദം കേൾക്കുന്നതിനായി കോടതി ജനുവരി ഒമ്പതിലേക്ക് മാറ്റി. 

ശ്യാം നാരായണൻ ചൗക്സെ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കവെ 2016 ഡിസംബർ ഒന്നിനാണ് തീയേറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയായിരുന്നു അന്ന് കേസ് പരിഗണിച്ച ബെഞ്ചിന്‍റെ അധ്യക്ഷൻ. രാജ്യത്തെ മുഴുവൻ തീയേറ്ററുകളിലും ദേശീയഗാനം ആലപിക്കണമെന്നും ഈ സമയത്ത് എല്ലാവരും എഴുന്നേറ്റ് നിൽകണമെന്നുമാണ് അന്ന് കോടതി ഉത്തരവിട്ടത്.