ഉറക്കത്തിൽ പാമ്പു കടിയേറ്റ സ്ത്രീയും, മുലപ്പാല്‍ കുടിച്ച മകളും മരിച്ചു

snake

ഉറങ്ങുന്നതിനിടെ പാമ്പു കടിയേറ്റ സ്ത്രീയും അവരുടെ മുലപ്പാല്‍ കുടിച്ച മകളും മരിച്ചു. ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉറക്കത്തില്‍ പാമ്പ് തന്നെ കടിച്ച കാര്യം സ്ത്രീ അറിഞ്ഞിരുന്നില്ല. പിന്നീട് ഉറക്കമുണര്‍ന്നതിന് ശേഷം സ്ത്രീ മകളെ മുലയൂട്ടുകയായിരുന്നു. മൂന്ന് വയസുള്ള കുഞ്ഞാണ് മരിച്ചത്.പാല് കൊടുത്തതിന് ശേഷം മകള്‍ക്കും അമ്മയ്‌ക്കും ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് മരണകാരണം പാമ്പ് കടിയേറ്റതാണെന്ന് മനസിലായത്. വീടിന്റെ പരിസരത്ത് നിന്ന് ബന്ധുക്കള്‍ പാമ്പിനെ കണ്ടെത്തിയെങ്കിലും പിടിക്കാന്‍ സാധിച്ചില്ല. അതേസമയം, സംഭവത്തില്‍ അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റ‌ര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.300 ലധികം ഇനത്തിലുള്ള പാമ്പുകളാണ് ഇന്ത്യയിലുള്ളത്. ഓരോ വര്‍ഷവും ലോകമെമ്പാടും ഒരു ലക്ഷം പേരാണ് പാമ്പിന്റെ കടിയേറ്റ് മരിക്കുന്നത്. ഇതില്‍ 46,000 ആളുകള്‍ ഇന്ത്യയിലാണ്. അമേരിക്കന്‍ സൊസൈറ്റി ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്‍ഡ് ഹൈജിനിയുടെ 2011-ലെ ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.