നവകേരള സൃഷ്ടിക്ക് സംഭാവന നല്‍കി മാര്‍ ക്രിസോസ്റ്റം തിരുമേനിയും

nava kerala crysostom

കേരളചരിത്രത്തിലെ തന്നെ രണ്ട് മഹാപ്രളയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റം തിരുമേനിയും നവകേരളസൃഷ്ടിക്കായി സംഭാവന നല്‍കി. പ്രളയബാധിതനായിരുന്ന മെത്രാപ്പോലീത്തയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച 10000 രൂപയും കൂടാതെ 10000 രൂപയും ചേര്‍ത്ത് 20000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായ തിരുമേനിക്ക് വേണ്ടി കുന്നംകുളം മലബാര്‍ ഭദ്രാസനാധിപന്‍ ഡോ തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് തുക കൈമാറി. പ്രളയം നമ്മുടെ നാടിനെയും നാട്ടുകാരേയും വളരെയധികം പ്രയാസത്തിലാക്കി. പലരും ഇപ്പോഴും പ്രളയക്കെടുതികളില്‍ നിന്ന് കരകയറിയിട്ടില്ല. സര്‍ക്കാരും സന്നദ്ധ സംഘടനകളും ഈ സമയത്ത് നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും സാമ്പത്തിക സഹായവും വളരെ വിലയേറിയതാണ്. ഇത്തരത്തില്‍ ദുരിതബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാരിനേയും സന്നദ്ധസംഘടനകളേയും സഭകളേയും അഭിനന്ദിക്കുന്നുവെന്നും, അര്‍ഹരായ മറ്റ് ആളുകള്‍ക്ക് ഉപകാരപ്പെടുവാനാണ് തനിക്ക് ലഭിച്ച സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കായി തിരികെ നല്‍കിയതെന്നും കളക്ടര്‍ക്ക് നല്‍കിയ കത്തിലൂടെ വലിയ മെത്രാപ്പോലീത്ത അറിയിച്ചു. കൂടാതെ, ക്രിസോസ്റ്റം തിരുമേനി രചിച്ച അഞ്ച് പുസ്തകങ്ങളും ജില്ലാ കളക്ടര്‍ക്ക് കൈമാറി. റവ. സാജു സി.പാപ്പച്ചന്‍, റവ. കെ.വി ചെറിയാന്‍, റവ. മത്തായി ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.