യുദ്ധവിമാനം നിര്‍മ്മിച്ചിട്ടില്ലാത്ത റിലയൻസുമായി 30,000 കോടിയുടെ കരാര്‍; ചോദ്യം ചെയ്ത് കോൺഗ്രസ്

modi

ഒരു യുദ്ധവിമാനം പോലും നിര്‍മ്മിച്ചു പരിചയമില്ലാത്ത, ഓഫിസോ ഭൂമിയോ ഇല്ലാത്ത റിലയന്‍സിന് എന്തടിസ്ഥാനത്തിലാണ് നരേന്ദ്രമോദി 30,000 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചതെന്ന് കോണ്‍ഗ്രസ്. അനില്‍ അംബാനിയുടെ കടലാസ് കമ്പനിയുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും മൂടിവയ്ക്കുകയാണെന്നും രാജ്യത്തോട് ഇരുവരും കള്ളംപറയുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.കോണ്‍ഗ്രസ് എം.പിമാരായ അമീ യജ്‌നിക്, നാസിര്‍ ഹുസൈന്‍, വക്താവ് പ്രിയങ്കാ ചതുര്‍വേദി എന്നിവര്‍ക്കൊപ്പം നടത്തിയ സംയുക്തവാര്‍ത്താമ്മേളനത്തില്‍ പാര്‍ട്ടി മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സുര്‍ജേവാലയാണ് റാഫേല്‍ ഇടപാട് സംബന്ധിച്ചു മോദിക്കും സര്‍ക്കാരിനമെതിരേ ചോദ്യങ്ങള്‍ ഉന്നയിച്ചത്.2015 ഏപ്രില്‍ 10നാണ് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് എവിയേഷനില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതിനു 12 ദിവസങ്ങള്‍ക്കു മുൻപാണ് റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന കമ്പനി അനില്‍ അംബാനി സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ദസോള്‍ട്ടും റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡും സംയുക്ത സംരംഭമായി. ഒരു യുദ്ധവിമാനം പോലും നിര്‍മ്മിച്ചു പരിചയമില്ലാത്ത, ഓഫിസോ ഭൂമിയോ ഇല്ലാത്ത റിലയന്‍സിന് എന്തടിസ്ഥാനത്തിലാണ് മോദി സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. 2018 ഫെബ്രുവരിയില്‍ സംയുക്ത സംരംഭം ആയിട്ടില്ലന്നാണ് പ്രതിരോധ മന്ത്രി ഔദ്യോഗികമായി അറിയിച്ചത്.എന്നാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത് റിലയന്‍സുമായി ചേര്‍ന്നാണെന്ന് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടിന്റെ 2016- 17ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദസോള്‍ട്ട് കമ്പനിയാണോ അതോ പ്രതിരോധമന്ത്രിയാണോ കള്ളം പറയുന്നതെന്നു ഇന്ത്യയിലെ ജനങ്ങള്‍ക്ക് അറിയണം. പ്രതിരോധകരാറിനു മുൻപ് കരാര്‍ മന്ത്രാലയം ഓഡിറ്റ്‌ ചെയ്യണമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളും കാറ്റില്‍പ്പറത്തിയാണ് റിലയന്‍സ് കമ്പനിയുമായി ഉടമ്പടി നിലവില്‍വന്നത്. ഈ കരാറിന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ അനുമതിയും ഉണ്ടായിരുന്നില്ല. എന്നിരിക്കെ എന്തിനാണ് നരേന്ദ്രമോദിയും നിര്‍മലാ സീതാരാമനും ഇക്കാര്യത്തില്‍ കള്ളംപറയുന്നത്?- സുര്‍ജേവാല ചോദിച്ചു.കേന്ദ്രസര്‍ക്കാരിന്റെ നടപടിയിലൂടെ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനു 30,000 കോടി രൂപയുടെ കരാറാണു ലഭിച്ചത്. പ്രതിരോധ മേഖലയില്‍ സ്വകാര്യ കമ്പനിക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള കരാര്‍ കൂടിയാണിത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍നിന്നു കരാര്‍ റിലയന്‍സിനു നല്‍കിയത് എന്തിനു വേണ്ടിയായിരുന്നുവെന്ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രാജ്യത്തോടു വെളിപ്പെടുത്തണം. റാഫേല്‍ ഇടപാടിലെ ദുരൂഹത അകറ്റണമെന്നും നടപ്പു മഴക്കാലസമ്മേളനത്തില്‍ ഇതുസംബന്ധിച്ച്‌ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.