പാക്കിസ്ഥാൻ സൈന്യം തങ്ങളുടെ കയ്യിലെ പാവയാണെന്നു ഭീകരസംഘടനയുടെ തലവൻ

പാക്കിസ്ഥാൻ സൈന്യം തങ്ങളുടെ കയ്യിലെ പാവയാണെന്നു പരിഹാസിച്ചു കൊണ്ട് ഭീകരസംഘടനയായ ജമാത്ത് ഉദ്ദവയുടെ തലവൻ ഹാഫിസ് അബ്ദുൽ റഹ്മാൻ . സൈനിക മേധാവിയായിരുന്ന റഹീൽ ഷെരീഫ് ജിഹാദിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നും മാക്കി അവകാശപ്പെട്ടുവെന്നു റിപ്പോർട്ട്. ഇസ്‌ലാമിക സംഘടനകളുടെ യോഗം റഹീൽ ഷരീഫ് വിളിച്ചിരിക്കുന്നത് അതിനാലാണെന്ന് മാക്കി പറയുന്ന വിഡിയോയും പുറത്തു വന്നു.

ഈ വിഡിയോയിൽ യുഎസിനെയും ഇന്ത്യയെയും നാറ്റോ രാജ്യങ്ങളെയും മാക്കി വെല്ലുവിളിക്കുന്നതും ദൃശ്യമാണ്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും ജമാത്ത് ഉദ്ദവയുടെ മേധാവിയുമായിരുന്ന ഹാഫിസ് സയീദിന്റെ വീട്ടുതടങ്കലിനെത്തുടർന്നാണു ബന്ധു കൂടിയായ മാക്കി സംഘടനയുടെ തലപ്പത്ത് എത്തിയത്. രണ്ടു മില്യൺ യുഎസ് ഡോളർ തലയ്ക്കു വിലയിട്ടിരിക്കുന്ന ഭീകരനാണ് മാക്കി.

പാക്കിസ്ഥാന്റെ ജിഹാദാണ് യുഎസിനെ അഫ്ഗാനിസ്ഥാനിൽ തോൽപ്പിച്ചതെന്ന് ഇയാൾ പറയുന്നതു വിഡിയോയിൽ വ്യക്തമാണ്. റഷ്യ പോലും പാക്കിസ്ഥാന്റെ സഹായം തേടിയിരിക്കുകയാണെന്നും മാക്കി അവകാശപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസിനെ നമ്മൾ തൊഴിച്ചു പുറത്തുചാടിച്ചു. സഖ്യസേനയായ നാറ്റോയെ നമ്മൾ പരാജയപ്പെടുത്തും. ഇന്ത്യയെ നശിപ്പിക്കും. യുഎസും റഷ്യയും ലോകത്തെ പ്രധാനപ്പെട്ട ശക്തികളാണ്. എന്നാൽ നമ്മുടെ ആഗോള ജിഹാദിനു മുൻപിൽ അവരൊന്നും ഒന്നുമല്ല.

മാത്രമല്ല, പാക്ക് പ്രസി‍ഡന്റായിരുന്ന പർവേസ് മുഷറഫ് രാജ്യം വിട്ടത് ജമാത്ത് ഉദ്ദവ മൂലമാണെന്നും മാക്കി പറഞ്ഞു. എന്നാൽ ഈ വാദം മുഷറഫ് നിഷേധിച്ചു. സ്വന്തം തീരുമാനത്തിലാണ് പാക്കിസ്ഥാൻ വിട്ടതെന്നു വ്യക്തമാക്കിയ മുഷറഫ് മാക്കിയുടേത് അയാളുടെ കാഴ്ചപ്പാടാണെന്നും അറിയിച്ചു. അയാൾക്ക് യാഥാർഥ്യം അറിയില്ല. പ്രസിഡന്റ് പദവിയിൽനിന്ന് രാജിവച്ചശേഷം എട്ടുമാസത്തോളം ഞാൻ പാക്കിസ്ഥാനിലുണ്ടായിരുന്നു. അയാൾക്ക് ലോകത്തിന്റെ ഗതിവിഗതികൾ അറിയില്ല, ഇന്നത്തെ മുസ്‌ലിം ലോകത്തെക്കുറിച്ചും അറിവില്ല – മുഷറഫ് പറഞ്ഞു.

പാക്കിസ്ഥാൻ സർക്കാരിന് ഇവർക്കെതിരെ നടപടി എടുക്കാൻ അറിയാഞ്ഞിട്ടല്ലെന്നും, വേണ്ടെന്നു വച്ചിട്ടാണെന്നും മുഷറഫ് വ്യക്തമാക്കി. അതേസമയം, ജമാത്ത് ഉദ്ദവ എന്നത് ഒരു സന്നദ്ധസംഘടനയാണെന്നും മുഷറഫ് നിലപാടെടുത്തു.