രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് കശാപ്പിനായി കാലികളെ വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്‌തേക്കമെന്ന് സൂചന. നിയന്ത്രണത്തില്‍നിന്നു എരുമയെയും പോത്തിനെയും ഒഴിവാക്കാനാണു പരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല.
കശാപ്പു നിരോധനത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കുന്നത്. കേന്ദ്രനീക്കം സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ് എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് കേരള ഹൈക്കോടതി വിശദീകരണവും തേടിയിരുന്നു.
നിരോധനം രാജ്യമെമ്പാടുമുള്ള നിരവധിയാളുകളുടെ ഉപജീവനത്തെ ബാധിക്കുമെന്നും ആക്ഷേപം ഉയര്‍ന്നു. നിരോധനം ഇറച്ചിവ്യാപാരത്തെയും കയറ്റുമതിയെയും തുകല്‍വ്യവസായത്തെയും സാരമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.
പശു, കാള, എരുമ, പോത്ത്, പശുക്കിടാവ്, കാളക്കുട്ടി, ഒട്ടകം, വരിയുടച്ച കാളകള്‍ എന്നിങ്ങനെ എല്ലാ ഇനം കന്നുകാലികളെയും കശാപ്പിനായി വില്‍ക്കാനോ വാങ്ങാനോ പാടില്ല. ഏതെങ്കിലും മതാചാരത്തിന്റെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചിരുന്നു.
കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരു പോലെ അധികാരമുള്ള നിയമമാണ് മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം. ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ് ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞ് കേന്ദ്രം വിജ്ഞാപനമിറക്കിയത്.