ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ഡിസംബര്‍ 31 വരെ സമയം

adhar-pancard

ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി. ഓഗസ്റ്റ് 31- നുമുന്‍പുതന്നെ നികുതിദായകര്‍ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലവാധി ഡിസംബര്‍ 31 ലേക്ക് നേരത്തെ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും നീട്ടിയത്.

സ്വകാര്യതക്കേസിലെ വിധി ആധാറിനെ ബാധിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത് ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സര്‍ക്കാര്‍ നീട്ടി നല്‍കിയത്. സര്‍ക്കാര്‍ സബ്‌സിഡികള്‍, ക്ഷേമപദ്ധതികള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ആധാര്‍ കൂടിയേതീരൂവെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) സി.ഇ.ഒ. അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കിയിരുന്നു.

‘ആധാറിലെ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ നിയമത്തിലുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രമാണ് ഇത്തരം കേസുകള്‍ വരുന്നത്. അതില്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തീരുമാനമെടുക്കുക. ആധാര്‍ നിയമത്തെപ്പറ്റി സുപ്രീംകോടതിയുടെ വിധിയില്‍ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം സാധുവാണ്. നിയമത്തിലെ വകുപ്പ് ഏഴുപ്രകാരം സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ വേണം’ – അദ്ദേഹം വ്യക്തമാക്കി.

സബ്‌സിഡിയുള്ള പാചകവാതകം ലഭിക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും പുതിയ ഫോണ്‍നമ്പര്‍ ലഭിക്കുന്നതിനും നിലവില്‍ ആധാര്‍ വേണം.