Friday, April 26, 2024
HomeNationalമൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സർക്കാർ; ആഘോഷങ്ങൾ ഒരു വശത്തും വിമർശനങ്ങൾ മറുവശത്തും!

മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സർക്കാർ; ആഘോഷങ്ങൾ ഒരു വശത്തും വിമർശനങ്ങൾ മറുവശത്തും!

നരേന്ദ്ര മോദി സര്‍ക്കാർ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മൂന്ന് വര്‍ഷമായി. മുപ്പത് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ലോക്സഭയിൽ തനിച്ച് ഭൂരിപക്ഷം സ്വന്തമാക്കി മോദി സർക്കാർ 2014ൽ അധികാരത്തിലേറിയത്. ആഘോഷങ്ങൾ ഒരു വശത്തും വിമർശനങ്ങൾ മറുവശത്തും! മൂന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെമ്പാടും മോഡി ഫെസ്റ്റ് നടത്തുന്നു. പ്രധാനമന്ത്രി നേരിട്ട് ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് അഞ്ച് ചടങ്ങുകളിൽ മാത്രമാണെന്നാണ് റിപ്പോർട്ട് യുവാക്കളെ ലക്ഷ്യ വച്ച് മെയ്ക്കിങ്ങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ- ഫെസ്റ്റിവല്‍ എന്നതിന്റെ ചുരുക്കപ്പേരാണിത്. മെയ് 26മുതല്‍ ജൂണ്‍ 15 വരെയാണ് എന്‍ഡിഎ സര്‍ക്കാറിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി.

ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് ആസാമിലെ ഗുവാഹത്തിയില്‍ 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാജ്യത്തെ ഏറ്റവും വലിയ പാലം രാവിലെ 10.45 ന് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ദേമാജി ജില്ലയിലെ ഗോഗാമുഖിൽ ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് സെന്ററിന് തറക്കല്ലിടും. മൂന്ന് മണിക്ക് ഗുവാഹത്തിയിൽ ആൾ ഇന്ത്യ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് തറക്കല്ലിടും. മോദി സർക്കാരിന്‍റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് ഇന്ന് പാർട്ടി ആസ്ഥാനത്തും ആഘോഷ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വാർത്താസമ്മേളനവും നടത്തും. ആഘോഷങ്ങളോട് അനുബന്ധിച്ച് ബി.ജെ.പി ഏറ്റവും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് വലിയ വേരോട്ടമില്ലാത്ത കേരളത്തിലും പശ്ചിമബംഗാളിലും ഒഡിഷയിലുമാണ്. കേരളത്തിൽ 27 പരിപാടികളും, ബംഗാളിൽ 60 പരിപാടികളുമാണ് സംഘടിപ്പിക്കുക.

മൂന്നു വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ചർച്ചാവിഷയം

2016 നവംബർ എട്ടിന് രാത്രി മുതൽ രാജ്യം നേരിട്ട നോട്ടുനിരോധനം തന്നെയാണ് മൂന്നുവർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ ചർച്ചാവിഷയം. കള്ളപ്പണവും കള്ളനോട്ടും പിടിച്ചെടുക്കാനായിരുന്നു 500, 1000 നോട്ടിന്റെ അപ്രഖ്യാപിത റദ്ദാക്കലും 2000, 500 രൂപ പുതിയ നോട്ടുകളുടെ വരവുമെന്നായിരുന്നു പ്രചാരണം. എന്നാൽ ഇതിന്‍റെ പേരിൽ സാധാരണക്കാർ ഏറെ കഷ്ടപ്പെട്ടു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ നോട്ട് പിൻവലിക്കൽ ആദ്യത്തെ രണ്ട് മാസം ജനങ്ങൾക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉയർത്തി.
നോട്ടുനിരോധനത്തിനു ശേഷം പണമിടപാടെല്ലാം ഡിജിറ്റലായി മാറുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുവെന്നത് മോദി സർക്കാർ നേട്ടമായി കാണുന്നു. ദീർഘകാലാടിസ്ഥാനത്തിൽ നോട്ടുനിരോധനം ഇന്ത്യക്ക് ഗുണകരമാകുമെന്ന് ലോകബാങ്ക് പറയുന്നു. നോട്ടുനിരോധനം എന്തിനായിരുന്നുവെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വരുത്താൻ സർക്കാരിനു സാധിച്ചിട്ടില്ലായെന്നു വിമർശിക്കുന്നവരും ഏറെയുണ്ട്.

സർജിക്കൽ സ്ട്രൈക്കിന്‍റെ ബലത്തിൽ ആഘോഷം

ഉറിയിലെ സൈനീക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു തൊട്ടു പിന്നാലെ അതിർത്തി കടന്ന് 2016 സെപ്റ്റംബർ 29ന് രാത്രിയിൽ ഇന്ത്യ മിന്നലാക്രമണം നടത്തി. പാക്ക് ഭീകര ഇടത്താവളങ്ങൾ തിരഞ്ഞുപിടിച്ച് തകർത്ത ആ ‘സർജിക്കൽ സ്ട്രൈക്കിൽ’ ഇന്ത്യൻ കമാൻഡോകൾ കൊന്നുതള്ളിയത് 38 ഭീകരരെ. അർധരാത്രി മുതൽ പിറ്റേന്നു രാവിലെ എട്ടുവരെ നീണ്ട ആക്രമണത്തിൽ ഇന്ത്യൻ ഭാഗത്ത് എല്ലാവരും സുരക്ഷിതരുമായിരുന്നു. കഴിഞ്ഞ ദിവസം പാക്കിസ്താന്‍റെ ബങ്കറുകൾ തകർക്കുന്ന വീഡിയോ പുറത്തിറക്കി രണ്ടാം ‘സർജിക്കൽ സ്ട്രൈക്കിന്‍റെ കാഴ്ചകളും ഇന്ത്യ പുറത്തുവിട്ടത് മോദി സർക്കാർ നേട്ടങ്ങളുടെ പട്ടികയിൽ എഴുതി ചേർത്തു.

ജൂലൈ ഒന്നു മുതൽ ഭക്ഷ്യധാന്യങ്ങളുടെ വില കുറയും

വരുന്ന ജൂലൈ ഒന്നു മുതൽ രാജ്യത്ത് അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വില കുറയുമെന്ന് അവകാശപ്പെടുന്നു. അവശ്യ സാധനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കാൻ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) സമിതി തീരുമാനിച്ചതിനെ തുടർന്നാണിത്. രാജ്യമാകെ ഏകീകൃത നിരക്ക് ഏർപ്പെടുത്തുമ്പോൾ ഒരു വസ്തുവിനും നികുതി കൂടില്ലെന്നും വിലക്കയറ്റമുണ്ടാകില്ലെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ഉറപ്പ്. പ്രതിപക്ഷമുയർത്തിയ കടമ്പകളെല്ലാം മറികടന്ന് ജിഎസ്ടി നടപ്പാക്കാനൊരുങ്ങുമ്പോൾ മോദി സർക്കാരിന്‍റെ കിരീടത്തിലെ പൊൻതൂവലാണിതെന്ന് കണക്കാക്കുന്നു.

ഡിജിറ്റൽ ഇന്ത്യ

6 കോടി ഗ്രാമീണ വീടുകളിലെ ജനങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കാനുള്ള ‘പ്രധാൻമന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷര അഭിയാൻ’ പദ്ധതിയും തുടങ്ങിയതും നേട്ടങ്ങളുടെ പട്ടികയിൽ. പദ്ധതി 2019 മാർച്ചിൽ പൂർത്തിയാക്കുകയാണു ലക്ഷ്യം. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷയ്ക്കുമായി പ്രത്യേക ഏജൻസി രൂപീകരിച്ചു. കേന്ദ്രസംവിധാനങ്ങളെല്ലാം ഡിജിറ്റലാക്കുന്നതിൽ മോദി സർക്കാർ വിജയപാതയിലാണ്. കറൻസിരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ഡിജിറ്റൽ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള ബാങ്കുകളുടെ നീക്കങ്ങൾ മോദിയുടെ ആഘോഷങ്ങൾക്ക് മങ്ങൽ ഏല്പിച്ചു എന്ന് വിലയിരുത്തുന്നവരുമുണ്ട്.

മുഴുവൻ കുടുംബങ്ങൾക്കും ബാങ്കിങ്

രാജ്യത്തെ മുഴുവൻ കുടുംബങ്ങൾക്കും ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ജൻ ധൻ യോജന’ നടപ്പാക്കി. 15 കോടി ബാങ്ക് അക്കൗണ്ടുകളാണു പദ്ധതി പ്രകാരം ആരംഭിച്ചത്. മിനിമം ബാലൻസ് ഇല്ലെന്നതിനു പുറമെ അക്കൗണ്ട് ഉടമകൾക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ഇതുവഴി സൗജന്യം. പദ്ധതി പൂർത്തിയാകുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ബാങ്ക് അക്കൗണ്ടുകളുള്ള രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യ.

‘മെയ്ക് ഇൻ ഇന്ത്യ’ വൻ വിജയം

വിദേശ വ്യവസായികളോട് ഇന്ത്യയിൽ ഉൽപാദന, സേവന സംവിധാനം ആരംഭിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള ‘മെയ്ക് ഇൻ ഇന്ത്യ’ പ്രചാരണം വൻവിജയം. പല രാജ്യാന്തര കമ്പനികളും അനുകൂല പ്രതികരണവുമായി വന്നു. ചുവപ്പുനാടക്കുരുക്കിൽ പെടാതെ അവർക്ക് സർക്കാർ സഹായങ്ങളും നൽകി. പക്ഷേ 30% നിർമാണഘടകങ്ങൾ എങ്കിലും ഇന്ത്യയിൽ നിന്നു വേണമെന്ന നിയമമുള്ളതിനാലാണ് ടെസ്‌ലയുടെ കാറുകളുടെ ഇന്ത്യൻ പ്രവേശനം വൈകുന്നതെന്ന മേധാവി എലൻ മസ്കിന്റെ വാദം അടുത്തിടെയാണ് വന്നത്. ഇതിനെ വാണിജ്യമന്ത്രാലയം നിഷേധിക്കുകയും ചെയ്തു.

ഓഹരി വില സൂചികകൾ റെക്കോർഡ് നിലവാരത്തിലേക്ക്‌

ഓഹരി വില സൂചികകൾ റെക്കോർഡ് നിലവാരത്തിലേക്കാണുയരുന്നത്.. വിദേശ ധനസ്ഥാപന (എഫ്ഐഐ) ങ്ങളിൽനിന്നുള്ള പണപ്രവാഹമാണു കാരണം. ലോകത്തെ ഏറ്റവും ലാഭകരമായ വിപണികളിലൊന്നായി വിദേശ നിക്ഷേപകർ ഇന്ത്യയിലെ ഓഹരി വിപണിയെ കാണുന്നു. അതേസമയം യുഎസിലെ പലിശ നിരക്കുകളുടെ കുറവാണ് ഇന്ത്യൻ വിപണിയിലേക്കുള്ള പണപ്രവാഹത്തിനു പ്രധാന കാരണമെന്നാണ് വിമർശകപക്ഷം.

സൗഹൃദ സാറ്റലൈറ്റ്

പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം നരേന്ദ്ര മോദിയുടെ ആദ്യ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇക്കഴി‍ഞ്ഞ മേയ് ഒന്നിന് ഇന്ത്യ വിക്ഷേപിച്ച ‘സൗത്ത് ഏഷ്യ സാറ്റലൈറ്റ്’. എട്ടു സാർക്ക് രാജ്യങ്ങളിൽ പാകിസ്ഥാനൊഴികെ ഏഴു രാജ്യങ്ങൾക്കും ഈ വാർത്താവിനിമയ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും. എന്നാൽ പാക്കിസ്ഥാൻ പദ്ധതിയിൽ നിന്നു പിന്മാറി.

നാഗാ കലാപകാരികളുമായി കേന്ദ്രസർക്കാർ സമാധാന ഉടമ്പടിയിൽ

ആറു ദശാബ്ദമായ തീവ്രവാദ പോരാട്ടത്തിന് അന്ത്യംകുറിച്ചു നാഗാലാൻഡിലെ നാഗാ കലാപകാരികളുമായി കേന്ദ്രസർക്കാർ സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചത് മോദി സർക്കാരിന് നേട്ടമായി. പക്ഷേ നാഗാ കലാപകാരികളിലെ എൻഎസ്‌സിഎൻ–കെ, എൻഎസ്‌സിഎൻ–യു, എൻഎസ്‌സിഎൻ–കെ സെഡ് എന്നീ വിമതവിഭാഗങ്ങൾ ഉടമ്പടി അംഗീകരിക്കാതെ ഇപ്പോഴും സായുധ സമരത്തിലാണ്.

ഇന്ത്യയുടെ ശ്രമങ്ങൾക്ക് ചൈനയുടെ തിരിച്ചടി

ആണവദാതാക്കളായ രാഷ്ട്രങ്ങളുടെ കൂട്ടായ്മ(എൻഎസ്‌ജി)യിൽ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ചൈനയുടെ പിന്തുണ നേടിയെടുക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെതിരെ യുഎന്നിൽ പ്രമേയം കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമവും ചൈന തടഞ്ഞു.

ഒരു കോടി തൊഴിൽ ‘ഉറപ്പ്’

ഒരു കോടി യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകാൻ 12,000 കോടി രൂപ ചെലവു വരുന്ന പ്രധാനമന്ത്രി നൈപുണ്യ വികസന പദ്ധതി സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. 60 ലക്ഷം യുവജനങ്ങൾക്കു പുതുതായി പരിശീലനം നൽകുകയും അനൗപചാരിക തൊഴിൽ വൈദഗ്ധ്യമുള്ള 40 ലക്ഷം പേർക്ക് നൈപുണ്യത്തിനുള്ള ഒൗപചാരിക സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുമെന്ന് പ്രഖ്യാപനം നടത്തി. പക്ഷേ ഒരു തീരുമാനവുമായിട്ടില്ല.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദിസര്‍ക്കാര്‍ പരാജയമാണെന്ന് കണക്കുകള്‍. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ ഏറ്റവും താഴ്ന്നനിലയിലാണിത്.തൊഴില്‍മന്ത്രാലയത്തിന്റെ ലേബര്‍ ബ്യൂറോയില്‍നിന്നുള്ള ഔദ്യോഗികകണക്കനുസരിച്ച് 2015-ല്‍ 1.55 ലക്ഷവും 2016 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 2.31 ലക്ഷവുമാണ് സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ എണ്ണം.

എരിയുന്ന കാശ്മീർ; ഉരുകുന്ന ജനങ്ങൾ

കശ്‌മീരിൽ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് സർക്കാർ വാദിക്കുന്നു. ശ്രീനഗർ, അനന്ത്നാഗ് ഉപതിരഞ്ഞെടുപ്പുകൾക്കിടെ വൻ അക്രമസംഭവങ്ങൾ അരങ്ങേറി. ജനരോഷത്തിൽ നിന്നു രക്ഷപ്പെടാൻ സാധാരണക്കാരനെ വാഹനത്തിനു മുന്നിൽ കെട്ടിയിട്ടതും പെല്ലറ്റ് ഗണ്ണുകളുടെ ഉപയോഗവും വ്യാപകപ്രതിഷേധത്തിനിടയാക്കി. കാശ്മീർ എരിയുന്നുവെന്നും; ജനങ്ങൾ ഉരുകുന്നുവെന്നും വിമർശനങ്ങൾ.

മോദിയുടെ വിദേശ യാത്രകൾക്ക് ഏറെ വിമർശനവും പരിഹാസവും നേരിട്ടു

പുതിയ റിപ്പോർട്ട് പ്രകാരം ഇതിനോടകം മോദി നടത്തിയത് 57 വിദേശയാത്രകളാണ്. 45 രാജ്യങ്ങൾ സന്ദർശിച്ചു. രാജ്യത്തു നിൽക്കാതെ ‘പറന്നു’ നടക്കുകയാണ് നരേന്ദ്രമോദിയെന്ന് വിമർശകർ കളിയാക്കി. അതേസമയം നയതന്ത്രപരമായ തീരുമാനങ്ങളെടുക്കുന്നതിലും വിദേശനിക്ഷേപം സ്വീകരിക്കുന്നതിലും നിർണായക കരാറുകൾ ഒപ്പിടുന്നതിലും ഉൾപ്പെടെ യാത്രകൾ ഫലം കണ്ടെന്നാണ് മോദിപക്ഷം.

ഇന്ധനവില; സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ആരോപണം

അസംസ്കൃത എണ്ണയുടെ വിലയിൽ 30 ശതമാനത്തിലേറെ കുറവുവന്നിട്ടും ഇന്ധന വിലയിൽ എട്ടു ശതമാനത്തിൽ താഴെ മാത്രമാണു കമ്പനികൾ കുറവു വരുത്തിയതെന്ന വിമർശനമുണ്ട്. എക്സൈസ്, കസ്റ്റംസ് തീരുവകൾ കുറയ്ക്കാത്ത സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും വിമർശനം.

ജനസംരക്ഷണത്തേക്കാൾ പ്രാധാന്യം ഗോസംരക്ഷണത്തിനെന്ന് പരിഹാസം

പശുക്കൾക്ക് ആധാർ മാതൃകയിലുള്ള തിരിച്ചറിയൽ സംവിധാനം നൽകാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പശുസംരക്ഷണത്തിന്റെ പേരിൽ പരസ്യമായി ജനങ്ങളെ കെട്ടിയിട്ടു തല്ലുന്നതും കൊലപാതകത്തിലേക്ക് വരെ നയിക്കുന്നതുമായ വാർത്തകൾ മോദി സർക്കാരിന്റെ കാലത്തുണ്ടായത് വൻ തിരിച്ചടിയായി. പശുക്കൾക്ക് ലഭിക്കുന്നത്ര സംരക്ഷണം പോലും ജനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നു. വിമർശകരെ തല്ലിയൊതുക്കുന്നതു വഴി രാജ്യത്ത് അസഹിഷ്ണുത ഏറിയെന്നാരോപിച്ച് സാഹിത്യകാരന്മാർ ഉൾപ്പെടെ കേന്ദ്രം നൽകിയ പുരസ്കാരങ്ങൾ തിരികെ നൽകി പ്രതിഷേധിച്ചു.

  • ഇൻഷുറൻസ്, പ്രതിരോധം, റയിൽവേ തുടങ്ങിയ മേഖലകളിലേക്കു വിദേശത്തുനിന്നുള്ള പ്രത്യക്ഷ നിക്ഷേപം (എഫ്ഡിഐ) ആകർഷിക്കുന്നതിനു വ്യവസ്ഥകൾ കേന്ദ്രം ഉദാരമാക്കി.
  • രാജ്യത്തു ദേശീയ പാത നിർമാണത്തിന്റെ വേഗം കുറഞ്ഞു; ലക്ഷ്യമിട്ടതിന്റെ പകുതി മാത്രമാണ് പൂർത്തിയായത്. ദിവസം 41 കിലോമീറ്റർ ദേശീയ പാത നിർമാണം ലക്ഷ്യമിട്ടപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം നിർമിക്കാനായത് 22 കിലോമീറ്റർ മാത്രം.
  • ഉന്നത ജീവിതനിലവാരവും വികസിത രാജ്യങ്ങളിലെ നഗരങ്ങൾക്കു സമാനമായ വികസനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന മോദിയുടെ സ്വപ്ന ‘സ്മാർട് സിറ്റി’ പദ്ധതിയിൽ കൊച്ചി ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ടു.
  • വൈദ്യുതിയെത്താത്ത ഗ്രാമങ്ങളിൽ 10,000 എണ്ണവും ഇതിനോടകം വൈദ്യുതീകരിച്ചു. ഇനി അവശേഷിക്കുന്നത് 4000 ഗ്രാമങ്ങൾ മാത്രം.
  • വിഐപി സംസ്കാരത്തിനെതിരായ നടപടിയെന്ന നിലയിൽ വാഹനങ്ങളിലെ ബീക്കൺ ലൈറ്റുകൾ നിരോധിച്ചു. ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമെന്ന് വിമർശകപക്ഷം.
  • കൽക്കരി ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ വിൽപനയ്ക്കു സുതാര്യ ലേല സംവിധാനം ഏർപ്പെടുത്തി.
  • പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ‘ജീവൻ പ്രമാൺ’ ഓൺലൈൻ ബയോ മെട്രിക് സംവിധാനം. ആധാർ അധിഷ്ഠിതമായ ഈ സംവിധാനം മൊബൈൽ ഫോണിലും ലഭ്യം.
  • ജവാഹർലാൽ നെഹ്റുവിനും ഇന്ദിരഗാന്ധിക്കും ശേഷം ‘ഏറ്റവും വിജയിച്ച’ പ്രധാനമന്ത്രിയാകാൻ പോകുകയാണു മോദിയെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്.
  • മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇനിയുള്ള ഊന്നല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വികസന വാഗ്ദാനം നടപ്പാക്കല്‍. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളൊക്കെ ഉണ്ടെങ്കിലും അവയൊന്നും പ്രതീക്ഷിച്ചപോലെ പുതിയ തൊഴിലുകള്‍സൃഷ്ടിച്ചിട്ടില്ല. മാത്രമല്ല, നോട്ട് അസാധുവാക്കലിനുശേഷം ചില രംഗങ്ങളിലുണ്ടായ മാന്ദ്യം അസംഘടിതമേഖലയില്‍ തൊഴില്‍നഷ്ടം ഉണ്ടാക്കുകയും ചെയ്തു.

മോദിസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 27 പരിപാടികളാണ് ബി.ജെ.പി. ദേശീയ നേതൃത്വം കേരളത്തില്‍ സംഘടിപ്പിക്കുന്നത്.2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ലക്ഷ്യം വയ്ക്കുന്ന കേരളം, ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലാണ് വാര്‍ഷികാഘോഷ പരിപാടികളില്‍ ഏറെയും നടത്തുന്നത്. കേരളത്തിലേക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിനെക്കൂടാതെ നാല് കേന്ദ്രമന്ത്രിമാരും വിവിധ ദേശീയ നേതാക്കളും 20 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷകാലത്ത് എത്തും. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡ, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, നിര്‍മലാ സീതാരാമന്‍ എന്നിവര്‍ കേരളത്തിലെ പരിപാടികളില്‍ മുഖ്യാതിഥികളായിരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments