സെൻകുമാറി​നെതിരെ നിയമ നടപടിയെടുക്കാൻ വനിതാ കമ്മീഷനെ സമീപിക്കുമെന്നും ഡബ്​ള്യു.സി.സി

senkumar

നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട്​ മുൻ ഡി.ജി.പി ടി.പി സെൻകുമാർ നൽകിയ അഭിമുഖത്തിൽ അപകീർത്തി പരാർശം നടത്തിയെന്ന്​ സിനിമാ മേഖലയിലെ സ്​ത്രീ സംഘടനയായ വിമെൻ ഇൻ സിനിമാ കളക്​റ്റീവ്​. ആക്രമണത്തെ അതിജീവിച്ച നടിയുൾപ്പെടെയുള്ള വനിതാ സിനിമാ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന സെൻകുമാറി​ന്റെ പരാമർശങ്ങൾക്കെതിരെ നിയമ നടപടിയെടുക്കാൻ വനിതാ കമ്മീഷനെ സമീപിക്കുമെന്നും ഡബ്​ള്യു.സി.സി വ്യക്തമാക്കി. കേസി​ന്റെ ചുമതലക്കാരനായിരുന്ന പൊലീസ്​ മേധാവി നടത്തിയ സ്​ത്രീവിരുദ്ധ പരാമർശം ഞെട്ടിക്കുന്നതായിരുന്നു. ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ സ്​ത്രീകളെയും അപമാനിക്കുന്ന തരത്തിൽ പൊലീസ്​ മേധാവി നടത്തിയ മാന്യതയില്ലാത്ത പരാമർശത്തെ അപലപിക്കുന്നുവെന്നും ഡബ്​ള്യു.സി.സി ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു. പൊലീസ് തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ മുൻ ഡി.ജി.പിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ പൊലീസ് സേനക്ക് തന്നെ അപമാനമാണ്​. അതിക്രമത്തെ സധൈര്യം അതിജീവിച്ച സഹപ്രവർത്തകയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ ഒഴിഞ്ഞു നിൽക്കണമെന്നും ഡബ്​ള്യു.സി.സി ആവശ്യപ്പെട്ടു.