പണം നൽകിയാൽ യഥാർഥ പട്ടയത്തെ വെല്ലുന്ന വ്യാജൻ നൽകുന്ന വ്യാജപട്ടയനിർമാണമാഫിയ മൂന്നാറിൽ സജീവമെന്ന് റവന്യൂ ഉദ്യോഗസ്ഥർ. ദേവികുളം, പീരുമേട്, വാഗമൺ, ചിന്നക്കനാൽ, കെ.ഡി.എച്ച് വില്ലേജുകളിലും താലൂക്കുകളിലും സർക്കാർ നേരത്തെ നിയോഗിച്ച അന്വേഷണ സംഘം വ്യാജപട്ടയങ്ങൾ കണ്ടെത്തിയിരുന്നു. വ്യാജപട്ടയത്തെക്കുറിച്ച് ലാൻഡ് ബോർഡ് മുൻ സെക്രട്ടറി പി.സി. സനൽകുമാർ കൺവീനറായ കമ്മിറ്റി നൽകിയ റിപ്പോർട്ടിലെ 20 നിർദേശങ്ങളും സർക്കാർ അംഗീകരിച്ചിരുന്നു.
റവന്യൂവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരനും റിപ്പോർട്ട് നൽകിയിരുന്നു. ആ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നേരേത്ത 23 റവന്യൂ ഉദ്യോഗസ്ഥർെക്കതിരെ സർക്കാർ നടപടി സ്വീകരിച്ചത്.
എന്നാൽ, പട്ടയനിർമാണസംഘത്തിന് ഉന്നതരാഷ്ട്രീയബന്ധമുള്ളതിനാൽ പിന്നീട് കാര്യമായ നീക്കമുണ്ടായില്ല. വില്ലേജുകളിലെ വിശ്വാസയോഗ്യമായ രേഖ തണ്ടപ്പേർ രജിസ്റ്ററാണ്. വ്യാജപട്ടയങ്ങൾ നിർമിക്കുന്നതിനായി പലതരത്തിലും ഈ രജിസ്റ്റർ തിരുത്തുകയോ മാറ്റിമറിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, പട്ടയങ്ങൾ സൂക്ഷ്മപരിശോധന നടത്തി വ്യാജനെ കണ്ടെത്തണമെന്ന നിർദേശം ഇതുവരെ നടപ്പാക്കാനായിട്ടില്ല.
റവന്യൂഭൂമി കൈയേറ്റക്കാരിൽനിന്ന് സംരക്ഷിക്കുമെന്നും തിരിച്ചുപിടിക്കുമെന്നും കഴിഞ്ഞസർക്കാറിെൻറ കാലത്ത് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും നടക്കാതെ പോയത് ഇൗ ഉന്നതബന്ധംമൂലമാണെന്ന് ആക്ഷേപമുണ്ട്.
ഭൂമി കൈയേറുന്നവർക്കും കൈയേറ്റത്തെ സഹായിക്കുന്നവർക്കും മൂന്നുവർഷം മുതൽ അഞ്ചുവർഷംവരെ തടവുശിക്ഷയും 5000 മുതൽ രണ്ടുലക്ഷംവരെ പിഴ ശിക്ഷയും നൽകുമെന്നാണ് നിയമസഭയിൽ അന്ന് മന്ത്രി പറഞ്ഞത്. കൈയേറ്റം തടയാൻ പബ്ലിക് ലാൻഡ് പ്രൊട്ടക്ഷൻ ഫോഴ്സ് രൂപവത്കരിക്കുകയും ഇടുക്കിയിൽ ഫോഴ്സിനെ വിന്യസിക്കുകയും ചെയ്തതാണ് തുടർന്നുണ്ടായ നടപടി. ജില്ലയിൽ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ അനധികൃത കൈയേറ്റം ഉണ്ടാകാതിരിക്കാൻ വില്ലേജ് ഓഫിസർമാരുടെ നിരീക്ഷണവും ഏർപ്പെടുത്തി.
മറ്റ് വകുപ്പുകളുടെ അധീനതയിലുള്ള സർക്കാർ ഭൂമിയുടെ വിശദാംശം ഡിജിറ്റലൈസ് ചെയ്യാൻ നടപടിയും സ്വീകരിച്ചു. എന്നാൽ, സർക്കാർ കൈയേറ്റം ഒഴിപ്പിച്ച സ്ഥലങ്ങളിൽ വില്ലേജ് ഓഫിസർ സ്ഥലപരിശോധന നടത്തി ആഴ്ചതോറും റിപ്പോർട്ട് നൽകമെന്ന് നിർദേശിച്ച ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകളിലാണ് ഇപ്പോൾ കൈയേറ്റം നടന്നിരിക്കുന്നതെന്നത് ആ നടപടികൾ ഫലവത്തായില്ലെന്നതിെൻറ തെളിവാണ്.
വില്ലേജ്തലത്തിൽ കൈയേറ്റത്തെക്കുറിച്ച് സർക്കാറിന് സമർപ്പിക്കുന്ന സമഗ്ര റിപ്പോർട്ട് അട്ടിമറിക്കാനാണോ സർവകക്ഷിയോഗം വിളിക്കുന്നതെന്ന ആശങ്കയും റവന്യൂ ഉദ്യോഗസ്ഥർക്കുണ്ട്.