ഐ എ എസ് അടക്കമുള്ള സിവിൽ സർവീസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കർണാടകയിൽ നിന്നുള്ള കെ.ആർ നന്ദിനിക്കാണ് ഒന്നാം റാങ്ക്. നന്ദിനി നിലവിൽ ഇന്ത്യൻ റവന്യൂ സർവീസിൽ ഉദ്യോഗസ്ഥയാണ്. ഇപ്പോൾ ഫരീദാബാദിലെ നാഷനൽ അക്കാദമി ഓഫ് കസ്റ്റംസ്, എക്സൈസ്, നർക്കോട്ടിക്സിൽ പരിശീലനം നേടുകയാണ്. നാലാംവട്ട ശ്രമത്തിലാണ് ഐഎഎസ് സ്വപ്നം നന്ദിനിക്ക് നേടാനായത്. അന്മോൽ ഷേർസിങ് ബേദി രണ്ടാം റാങ്കിന് അർഹനായി. 1099 പേർ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു.
അതേസമയം, പട്ടികയിൽ ആദ്യ മുപ്പതിൽ മൂന്നു മലയാളികൾ സ്ഥാനം പിടിച്ചു. കണ്ണൂർ സ്വദേശി അതുൽ ജനാർദ്ദനാണ് പതിമൂന്നാം റാങ്ക്. എറണാകുളം സ്വദേശി ബി സിദ്ധാർഥിന് 15 ഉം കോഴിക്കോട് സ്വദേശി ബി.എ. ഹംന മറിയത്തിന് 28 ഉം റാങ്ക് നേടാനായി.
അതേ സമയം ഫലം പ്രസിദ്ധീകരിച്ചതോടെ യു.പി.എസ്.സിയുടെ സൈറ്റ് തകർന്നു. അമിതമായ ട്രാഫിക്കാണ് സൈറ്റ് തകരാൻ കാരണമെന്നാണ് വിവരം.