മൊബൈല്‍ഫോണ്‍ വിപ്ലവം തലയ്ക്കു മുകളില്‍കൂടെ പോയത് കാണാതിരുന്ന ബില്‍ ഗെയ്റ്റ്‌സ്

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്‌സും 2000 മുതല്‍ 2014 വരെ കമ്പനിയുടെ എക്‌സിക്യൂട്ടിവ് ഓഫിസറായിരുന്ന സ്റ്റീവ് ബോള്‍മറും മൊബൈല്‍ഫോണ്‍ വിപ്ലവം തങ്ങളുടെ തലയ്ക്കു മുകളില്‍കൂടെ പോയത് കാണാതിരുന്നതിനെ പറ്റി വിലപിച്ചിട്ടുണ്ട്. നെ.

തന്റെ മണ്ടത്തരം മൂലമായിരുന്നു മൈക്രോസോഫ്റ്റിന് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ മികവു കാട്ടാനാകാതെ പോയതെന്ന് മുന്‍ മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്സ് പരിതപിച്ചിരുന്നു. രണ്ടായിരത്തിലൊക്കെ ഉണ്ടായിരുന്ന, വിന്‍ഡോസില്‍ പ്രവർത്തിച്ചിരുന്ന, സ്റ്റൈലസും ടച്ച് സ്‌ക്രീനുമൊക്കെ ഉണ്ടായിരുന്ന പോക്കറ്റ് പിസി എല്ലാം തേച്ചു മിനുക്കിയെടുത്തിരുന്നെങ്കില്‍ മൊബൈല്‍ കംപ്യൂട്ടിങ്ങിലും മൈക്രോസോഫ്റ്റ് ഔന്നത്യത്തിലെത്തിയേനെ.

കുമിഞ്ഞു കൂടിയ കാശും വേണ്ടതിലേറെ ജോലിക്കാരുമുള്ള കമ്പനിയായിരുന്നു മൈക്രോസോഫ്റ്റ്. അങ്ങനെ നോക്കിയാല്‍ പ്രഥമദൃഷ്ട്യാ ആ വാദത്തില്‍ കഴമ്പുണ്ടെന്നു തോന്നിയാലും ഗേറ്റ്സോ അദ്ദേഹത്തിന്റെ കമ്പനിയോ ഒരു ആന്‍ഡ്രോയിഡോ, ഐഒഎസോ സൃഷ്ടിക്കുമായിരുന്നില്ലെന്നു തന്നെയാണ് ടെക്‌നോളജി ലോകം കരുതുന്നത്.

ഇനി ഗേറ്റ്സിനോ അദ്ദേഹത്തിന്റെ കമ്പനിയില്‍ ഉണ്ടായിരുന്ന അതിബുദ്ധിമാന്മാരില്‍ ആര്‍ക്കെങ്കിലുമോ മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിനുണ്ടായതു പോലെ, മൊബൈല്‍ കംപ്യൂട്ടിങ്ങിന്റെ സാധ്യതയെപ്പറ്റി ഒരു വെളിപാടു കിട്ടുകയും ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇന്നത്തെ ടെക്‌നോളജി രംഗത്തിന്റെ സ്ഥിതി? മൈക്രോസോഫ്റ്റിന് മൊബൈല്‍ കംപ്യൂട്ടിങ് രംഗത്ത് നോട്ടമില്ലായിരുന്നുവെന്നു പറയുന്നത് തെറ്റാണ്.

ആന്‍ഡ്രോയിഡിനും ഐഒഎസിനും മുൻപ് തന്നെ വിവിധ തരം മൊബൈല്‍ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ ടെസ്റ്റു ചെയ്തിരുന്നു. വമ്പന്‍ പണക്കാര്‍ ഉപയോഗിച്ചിരുന്ന പിഡിഎകള്‍ (PDA) ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഐഒഎസും ആന്‍ഡ്രോയിഡും കളം നിറഞ്ഞപ്പോള്‍ പോലും മൈക്രോസോഫ്റ്റ് സ്വപ്ന ലോകത്തായിരുന്നു.

നോക്കിയ പോലെ ഒരു കമ്പനിയെ ഏറ്റെടുത്താല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു ചിന്തിക്കണമെങ്കില്‍ അതിന് വെളിവില്ലായ്മ എന്നു മാത്രമെ പറയാനാകൂ. (ഇവിടെ മൊബൈല്‍ രംഗത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണയും മത്സരബുദ്ധിയുമുണ്ടായിരുന്ന ഗൂഗിള്‍ മൈക്രോസോഫ്റ്റിനെ തകര്‍ക്കുകയായിരുന്നുവെന്ന് ഭാവിയില്‍ തെളിയിക്കപ്പെട്ടാലും അദ്ഭുതമുണ്ടാവില്ല.)

എന്തായാലും അവസാനം അടിയറവു പറഞ്ഞ് ഐഒഎസിന്റെയും ആന്‍ഡ്രോയിഡിന്റെയും മത്സരം കരയ്ക്കിരുന്നു കാണാനായിരുന്നു ലോകത്തെ എക്കാലത്തെയും ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നിന്റെ വിധി. ഈ ഇരട്ടക്കുരിതരകള്‍ കുതിച്ചു തുടങ്ങുന്ന കാലത്ത് ഗേറ്റ്സും മൈക്രസോഫ്റ്റും മൊബൈല്‍ ഫോണിനെ കണ്ടിരുന്നത് വിലുപ്പം കുറഞ്ഞ പിസി ആയിട്ടാണ്. പോക്കറ്റ് പിസി എന്നൊരു ബ്രാന്‍ഡ് പോലുമുണ്ടായിരുന്നു അവര്‍ക്ക്. കോളും ചെറിയ ഇന്റര്‍നെറ്റ് ഉപയോഗവുമൊക്കെ ഫോണില്‍ നടന്നാലും വീട്ടിലെത്തി പിസിയിലായിരിക്കും ആളുകള്‍ ശരിക്കുള്ള ‘കംപ്യൂട്ടിങ് ഊൺ’ കഴിക്കുക എന്നും മൈക്രോസോഫ്റ്റ് തെറ്റിധരിച്ചിരുന്നു. (ഇനി ഇപ്പോള്‍ മൊബൈല്‍ രംഗത്തു സംഭവിക്കുന്നതെല്ലാം ആപ്പിളും ഗൂഗിളും നേരത്തെ കണ്ടിരുന്നുവെന്നു വാദിക്കുന്നതും ശരിയല്ല.

മൊബൈല്‍ കംപ്യൂട്ടിങ്ങിനെ ആവഹിക്കാനാകുന്ന പ്ലാറ്റ്‌ഫോമുകള്‍ അവര്‍ വര്‍ഷങ്ങളെടുത്ത് കാലാനുസൃതമായി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍മിച്ചെടുത്തുവെന്നു പറയുകയാകും ശരി.) എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പിസി കഴിഞ്ഞേ ചെറിയ ഉപകരങ്ങള്‍ ഉപകരിക്കൂവെന്ന ദുശാഠ്യം പിടിച്ച മേലുദ്യോഗസ്ഥര്‍ മൈക്രോസോഫ്റ്റിലുണ്ടായിരുന്നു. അതിലൊന്ന് ഗേറ്റ്സ് തന്നെ ആയിരിക്കണം. പിസികള്‍ നിര്‍മിച്ചു ജീവിച്ചു വന്ന കമ്പനിയെ ഇക്കാര്യത്തില്‍ തെറ്റു പറഞ്ഞു കൂടാ താനും. ടച്ച് കേന്ദ്രീകൃതമായ ചെറിയ ആപ്പുകള്‍ വാഴുന്ന കംപ്യൂട്ടിങ് രംഗം വിഭാവനം ചെയ്യാന്‍ അവര്‍ക്കായില്ല.

പിസിയുടെ നൂലിൽ കെട്ടിയിട്ട് മൊബൈലിനെ വളര്‍ത്താനായിരുന്നു മൈക്രോസോഫ്റ്റ് ലക്ഷ്യമിട്ടിരുന്നത്. ഇതിനിടെ ആപ്പിളിനെ അനുകരിച്ച് മൈക്രോസോഫ്റ്റും ഗൂഗിളും മൊബൈല്‍ ആപ്‌ സ്റ്റോറുകള്‍ തുറന്നു. തുടക്കത്തില്‍ ആപ്പുകളുടെ എണ്ണത്തിലും മൈക്രോസഫ്റ്റ് ആയിരുന്നു മുന്നില്‍. കേവലം 500 ആപ്പുകളുമായാണ് ഐഫോണ്‍ പിറക്കുന്നത്. അന്ന് മൈക്രോസോഫ്റ്റിന്റെ കീഴിലുള്ള ആപ്പുകളുടെ എണ്ണം 18,000 ആയിരുന്നു. എന്നാല്‍, ഇവ ടച്ച് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവ ആയിരുന്നില്ല. കമ്പനിക്ക് ഭാവിയെക്കുറിച്ച് ചെറിയ അവബോധമുണ്ടായിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നു. പില്‍ക്കാലത്ത് മൈക്രോസഫ്റ്റിന്റെ ഒരു മുദ്രാവാക്യമുണ്ടായരുന്നു, മൊബൈല്‍ഫസ്റ്റ് (Mobile first). ഇത് അവരെ ഒറ്റിക്കൊടുക്കുന്നു. കാരണം പിസി ഫസ്റ്റ് എന്ന കടുംപിടുത്തത്തിലാണ് അവര്‍ നിലകൊണ്ടിരുന്നത്.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വിജയത്തിനു പിന്നില്‍ അവരുടെ അതിബുദ്ധി തന്നെയാണ്. ആപ്പിളിനോടും മൈക്രോസോഫ്റ്റിനോടും തനിച്ച് എതിരിടാനുള്ള കെല്‍പ് തങ്ങള്‍ക്കില്ലെന്നു കണ്ടിട്ടാകണം അവരത് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ആയി അവതരിപ്പിച്ചത്. ഓപ്പണ്‍ സോഴ്‌സ് എന്നആശയം ഇപ്പോള്‍ പോലും മൈക്രോസോഫ്റ്റിനു ദഹിക്കുമോ എന്നറിയില്ല. ഓപ്പണ്‍ സോഴ്‌സ് ആയതിനാല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്ക് ഓപ്പറേറ്റിങ് സിസ്റ്റത്തെ പുറമെയെങ്കിലും അവരുടെ ഭാവനയ്ക്കനുസിച്ച് മാറ്റി മറിക്കുകയും ചെയ്യാമായിരുന്നു.

ആപ്പിളും മൈക്രോസോഫ്റ്റും മറ്റും തങ്ങളെ തൂത്തെറിഞ്ഞേക്കാമെന്ന ഭീതിയുണ്ടായിരുന്നതു കൊണ്ടു തന്നെയാകാം ഗൂഗിള്‍ ആന്‍ഡ്രോയിഡിന് ലൈസന്‍സിങ് ഫീ വേണ്ടെന്നു വച്ചത്. ഇതിലൂടെ വില കുറഞ്ഞ ഹാന്‍ഡ്‌സെറ്റുകള്‍ ലഭ്യമായി. (ഇവിടെ മറ്റൊരു കാര്യം പ്രസക്തമാണ്. മൈക്രോസോഫ്റ്റും ആപ്പിളും അടക്കമുള്ള കമ്പനികള്‍ ഉപയോക്താക്കളുടെ ഡേറ്റയെ അവരുടേതായി കണ്ടിരുന്നു. തങ്ങളുടെ പ്രധാന സേവനങ്ങളൊക്കെ ഫ്രീ ആയി നല്‍കുന്ന കമ്പനികളാണ് ഫെയ്‌സ്ബുക്കും ഗൂഗിളും. എന്നാല്‍ എല്ലാ വര്‍ഷവും ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന കമ്പനികളും അവരാണ്. ചുരുക്കി പറഞ്ഞാല്‍ അവര്‍ക്ക് സ്വകാര്യ ഡേറ്റയിലേക്കു കടന്നു കയറാന്‍ യാതൊരു മനഃസാക്ഷിക്കുത്തുമില്ലെന്ന ആരോപണം ശരിവയ്ക്കുന്നതായി തോന്നും.) ആന്‍ഡ്രോയിഡിന്റെ യൂസര്‍ ഇന്റര്‍ഫെയ്‌സ് യഥേഷ്ടം മാറ്റാമെന്നതിനാല്‍ ഒരു ആന്‍ഡ്രോയിഡ് ഹന്‍ഡ്‌സെറ്റ് നിര്‍മാതാവിന്റെതു പോലെയല്ലാതെ ഫോണ്‍ നിര്‍മിക്കാന്‍ അടുത്ത കമ്പനിക്കു സാധിച്ചു.

മൈക്രോസോഫ്റ്റ് പിന്നീട് തങ്ങളുടെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഫീ പിന്‍വലിച്ചുവെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. ഗേറ്റ്സ് അടുത്ത കലത്തു തലകുനിച്ചു സമ്മതിച്ചത് ലോകത്ത് രണ്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിനു മാത്രമെ പ്രസക്തിയുള്ളു എന്നാണ്. എന്നാല്‍ ഇന്ന് വാവെയുടെയും മറ്റും നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ വിജയിച്ചാല്‍ മൂന്നാമതൊരു ഓപ്പറേറ്റിങ് സിസ്റ്റം രംഗത്തെത്തിയേക്കാം. കമ്പനിയിലെ ഗേറ്റ്സ് അടക്കമുള്ള കീറാമുട്ടികള്‍ വഴിമുടക്കിയതിലൂടെ എന്തുകൊണ്ട് മൈക്രോസോഫ്റ്റിന് ഒരു ആന്‍ഡ്രോയിഡ് കുഞ്ഞുണ്ടായില്ല എന്നു നമ്മള്‍ കണ്ടു. ഇനി അങ്ങനെ ഒന്നുണ്ടായാല്‍ എന്തു സംഭവിക്കുമായിരുന്നു എന്നു നോക്കാം.

  1. ഗൂഗിള്‍ കൊടുങ്കാറ്റ് ഇത്ര ആഞ്ഞു വീശാതിരുന്നെങ്കില്‍ ഒരു പക്ഷേ ഏറ്റവും വലിയ നേട്ടം സ്വകാര്യതയുടെ കാര്യത്തിലായിരുന്നിരിക്കണം. ഇന്ന് പലര്‍ക്കും സ്വകാര്യത എന്താണെന്നു കൂടെ അറിയില്ല. അതു പണയപ്പെടുത്തിയാണ് ആന്‍ഡ്രോയിഡും ഫെയ്‌സ്ബുക്കും ഫ്രീ ആയി ഉപയോഗിക്കുന്നത്. ഇതുകൊണ്ട് ഭാവിയില്‍ വന്നേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അറിയില്ല.

ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഫ്രീ ആയി നിർത്തുന്നത് മാപ്‌സ്, സേര്‍ച്ച്, മെയില്‍ എന്നിവയില്‍ നിന്നു കിട്ടുന്ന അതിഭീമമായ വരുമാനത്തില്‍ നിന്നാണ്. ഇവ ആന്‍ഡ്രോയിഡിനൊപ്പം അടിച്ചേല്‍പ്പിക്കുകയാണ്. ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ കാര്യത്തില്‍ ഇത്തരമൊരു സാധ്യത വെട്ടിത്തുറക്കാനായതാണ് ഗൂഗിളിന്റെ വിജയം. അത്തരം ഒരു പദ്ധതി മൈക്രോസോഫ്റ്റ് പ്ലാന്‍ ചെയ്യുമായിരുന്നില്ല. ഗൂഗിള്‍ സേവനങ്ങളിലൂടെ കമ്പനി ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രാഥമിക ലക്ഷ്യം പരസ്യത്തിലൂടെ ലാഭം കൊയ്യലാണെങ്കിലും ഈ ഡേറ്റ ഒരു സ്വകാര്യ കമ്പനി എങ്ങനെയൊക്കെ ഉപയോഗിക്കുമെന്നത് ചിന്തിക്കുമ്പോള്‍ ടെക് വിദഗ്ധരുടെ തല മരവിക്കും.

ഒന്നര പതിറ്റാണ്ടു മുൻപു വരെ അചിന്ത്യമായിരുന്നതാണ് നമ്മളുടെ സ്വകാര്യതയ്ക്കു പകരമായി ഫ്രീ സര്‍വീസ് ഉപയോഗിക്കുക എന്നത്. ഗൂഗിളും ഫെയ്‌സ്ബുക്കും അതൊരു സാധാരണ കാര്യമാണെന്നു വരുത്തി തീര്‍ക്കുകയായിരുന്നു. ആപ്പിളോ മൈക്രോസോഫ്‌റ്റോ പോലെയുള്ള കമ്പനികള്‍ അത്തരം പരിപാടിക്കു മുതിര്‍ന്നിട്ടില്ല. ഇന്ന് മിക്കവരും സ്വകാര്യതയൊ? എനിക്കെന്തു സ്വകാര്യത? കൊണ്ടുപോകുന്നതു കൊണ്ടുപോട്ടെ! എന്നൊക്കെ പറയുന്നവരാണ്. എന്നാല്‍ സ്വകാര്യതയെക്കുറിച്ചുള്ള അവബോധം അതിവേഗം വളരുന്നുമുണ്ട്. യൂറോപ്പിലും അമേരിക്കയിലും ഗൂഗിളും ഫെയ്‌സ്ബുക്കും നേരിടുന്ന നിയമപ്രശ്‌നങ്ങള്‍ മറ്റൊന്നല്ല.

  1. മൈക്രോസോഫ്റ്റ്, മൊബൈല്‍ പ്ലാറ്റ്‌ഫോം യുദ്ധം വിജയിച്ചിരുന്നെങ്കല്‍ സര്‍വൈലന്‍സ് ക്യാപ്പിറ്റലിസം (കമ്പനികളുടെ അറിവോടെയല്ലാതെ ആര്‍ക്കും ജീവിക്കാനാകാത്ത സ്ഥിതി കൊണ്ടുവന്ന മുതലാളിത്ത വ്യവസ്ഥ) ഇത്രമേല്‍ ലോകത്തിനു മേല്‍ പിടിയുറപ്പിക്കുകയില്ലായിരുന്നു. ഒരുപക്ഷേ, മറ്റൊരു കമ്പനി കടന്നു വന്ന് ഗൂഗിള്‍ ചെയ്തതൊക്കെ ചെയ്യുമായിരുന്നിരിക്കാം.
  2. മൊബൈല്‍ രംഗത്ത് മൈക്രോസോഫ്റ്റിന്റെ ‘ആന്‍ഡ്രോയിഡ്’ വിജയിച്ചിരുന്നെങ്കില്‍ കമ്പനിക്ക് കിട്ടുമായിരുന്നത് ഏകദേശം 400 ബില്ല്യന്‍ ഡോളറാണ്. ഗൂഗിളിന് അതു കിട്ടുകയും ചെയ്തു. പക്ഷേ, തങ്ങളുടെ ക്ലൗഡ് സേവനങ്ങളിലൂടെ മൈക്രോസോഫ്റ്റ് പൈസയ്ക്കു വന്ന കുറവു പരിഹരിച്ചുവെന്നാണ് പൊതുവെ കരുതുന്നത്. മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം വിജയിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ക്ലൗഡ് അവരുടെ കയ്യില്‍ നിന്നു വഴുതി പോകുമായിരുന്നു. അത് ഗൂഗിള്‍ ഉപയോഗപ്പെടുത്തുമായിരുന്നിരിക്കുമെന്നും കരുതുന്നു.