ഉയരങ്ങള്‍ കീഴടക്കി മുന്നേറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായിക മിതാലി രാജ്. ഒടുവില്‍ മിതാലിയെ ഇപ്പോള്‍ ബി.ബി.സിയും അംഗീകരിച്ചിരിക്കുകയാണ്. ബി.ബി.സി തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറ് വനിതകളുടെ പട്ടികയിലാണ് മിതാലി ഇടം പിടിച്ചിരിക്കുന്നത്.
ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് ഒമ്പത് റണ്‍സകലെ പൊരുതി തോറ്റെങ്കിലും തലയുയര്‍ത്തി മടങ്ങിയ മിതാലി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയാണ് മടങ്ങിയത്. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത മിതാലി രണ്ട് വട്ടം ഇന്ത്യന്‍ ടീമിനെ ഫൈനലിലെത്തിച്ചിട്ടുണ്ട്. ആ നേട്ടത്തിന്റെ അംഗീകാരമാണിത്. ഇന്ത്യയ്ക്കുവേണ്ടി 186 ഏകദിനങ്ങളില്‍ നിന്നായി 6190 റണ്ണുകള്‍ നേടി. പതിനാറാം വയസില്‍ ക്രിക്കറ്റ് ലോകത്തേക്കെത്തിയ മിതാലി ഏകദിന ക്രിക്കറ്റില്‍ 6000 സ്‌കോര്‍ നേടിയ ആദ്യ വനിതാ താരമാണ്. രാജ്യം പത്മശ്രീ, അര്‍ജുന എന്നീ അവാര്‍ഡുകള്‍ നല്‍കി മിതാലിയെ ആദരിച്ചിട്ടുണ്ട്.
മിതാലിയുടെ ജീവിതകഥ സിനിമയാകുകയാണെന്ന് കഴിഞ്ഞദിവസം വാര്‍ത്തകളുണ്ടായിരുന്നു. വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് മിതാലിയുടെ ജീവിതം സിനിമയാകുന്നതായി പ്രഖ്യാപിച്ചത്. കായികരംഗം കരിയറാക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സിനിമ പ്രചോദനമായിരിക്കുമെന്ന് ചിത്രത്തെ കുറിച്ച് മിതാലിയും പ്രതികരിച്ചു. നേരത്തെ ഗ്ലാമറസായി വസ്ത്രം ധരിച്ചതിന്റെ പേരില്‍ തന്നെ പരിഹസിക്കാനെത്തിയ സദാചാര വാദികള്‍ക്ക് ചുട്ട മറുപടി നല്‍കിയിരുന്നു താരം. ഗ്ലാമറസായ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സദാചാരം പറയുന്നവരെ താരം നിശ്ശബ്ദരാക്കിയത്.