ആധാര്‍ മൊബൈല്‍ നമ്പർ ലിങ്കിംഗ് നിര്‍ത്തലാക്കാനുള്ള പദ്ധതി; ടെലികോം കമ്പനികള്‍ക്ക്‌ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ നിര്‍ദേശം

aadhar

ആധാര്‍ വിവരങ്ങള്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക്‌ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ നിര്‍ദേശം. 15 ദിവസത്തിനകം പദ്ധതി സമര്‍പ്പിക്കാനാണ്‌ നിര്‍ദേശം. മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന സുപ്രീംകോടതി ഉത്തരവാണ്‌ നിര്‍ദേശത്തിന്‌ പിന്നില്‍. മൊബൈല്‍ നമ്പറും ബാങ്ക്‌ അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന സുപ്രീംകോടതി ഉത്തരവിന്‌ പിന്നാലെയാണ്‌ ആധാര്‍ വിവരങ്ങള്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക്‌ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. ഒക്ടോബര്‍ 15 ന്‌ മുന്‍പേ ആധാര്‍ വിവരങ്ങള്‍ ഡീ ലിങ്ക്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട പദ്ധതി സമര്‍പ്പിക്കാനാണ്‌ നിര്‍ദേശം. എയര്‍ ടെല്‍, ജിയോ, വോഡഫോണ്‍,ഐഡിയ തുടങ്ങിയ ടെലികോം കമ്പനികള്‍ക്ക്‌ ഇത്‌ സംബന്ധിച്ച്‌ ഉത്തരവ്‌ ലഭിച്ചുകഴിഞ്ഞു. നേരത്തെ ആധാര്‍ കാര്‍ഡ്‌ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശത്തോടെ മൊബൈല്‍ കമ്പനികള്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതോടെ ആധാര്‍ വിവരങ്ങള്‍ വലിയ തോതില്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ ലഭിക്കുകയും ഇത്‌ കമ്പനികള്‍ വ്യാവസായിക താല്‍പര്യത്തിന്‌ ഉപയോഗപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇത്‌ വലിയ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കി. ആധാറിന്‌ നിയന്ത്രണങ്ങളോടെയാണ്‌ സെപ്‌റ്റംബര്‍ 26 ന്‌ സുപ്രീംകോടതി അംഗീകാരം നല്‍കിയത്‌. മൊബൈല്‍ നമ്പർ,ബാങ്ക്‌ അക്കൗണ്ട്‌ എന്നിവ ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന്‌ കോടതി വ്യക്തമാക്കിയിരുന്നു. സ്വകാര്യ കമ്പനികള്‍ക്ക്‌ ആധാര്‍ വിവരങ്ങള്‍ ലഭിക്കുന്ന ആധാര്‍ നിയമത്തിലെ 57ാം വകുപ്പ്‌ കോടതി റദ്ദാക്കുകയും ചെയ്‌തതോടെയാണ്‌ ആധാര്‍ വിവരങ്ങള്‍ ഡീ ലിങ്ക്‌ ചെയ്യിക്കാനുള്ള യുഐഡിഎഐയുടെ നീക്കം. അതോറിറ്റിയുടെ ഉത്തരവോടെ പുതിയ മൊബൈല്‍ നമ്പറുകള്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ പഴയ തിരിച്ചറിയല്‍ രേഖകളെ തന്നെ ആശ്രയിക്കേണ്ടിവരും .