Friday, April 26, 2024
HomeNationalസുപ്രീം കോടതിയുടെ നിയുക്ത ചീഫ് ജസ്റ്റിസിന്റെ ഇഷ്ട വിനോദം ഫോട്ടോഗ്രാഫി

സുപ്രീം കോടതിയുടെ നിയുക്ത ചീഫ് ജസ്റ്റിസിന്റെ ഇഷ്ട വിനോദം ഫോട്ടോഗ്രാഫി

ജീവിതത്തില്‍ എന്തിനോടാണ് ഏറ്റവും ഇഷ്ടം എന്ന ചോദ്യത്തിന് ഇന്ത്യയുടെ നിയുക്ത ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയുടെ മറുപടി ബുള്ളെറ്റ് വേഗത്തില്‍ ആയിരുന്നു.
‘എനിക്ക് ഏറ്റവും ഇഷ്ടം ബൈക്കുകളോടാണ്. സ്വന്തമായി ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അതിലെ യാത്രകളും പ്രിയപ്പെട്ടതായിരുന്നു’. സുപ്രീം കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരോട് ഡല്‍ഹിയിലെ വസതിയില്‍ സംസാരിക്കവെയാണ് ജസ്റ്റിസ് ബോബ്ഡെ തന്റെ ഇഷ്ടങ്ങളും ഇഷ്ടവിനോദങ്ങളും വെളുപ്പെടുത്തിയത്.

ഹാര്‍ലി ഡേവിഡ്‌സണ്‍ ആണ് ഏറ്റവും അവസാനം ആയി ഓടിച്ച ഇരുചക്ര വാഹനം. ഈ വര്‍ഷം ആദ്യം ഹാര്‍ലി ഡേവിഡ്‌സണ്‍ ഓടിക്കുന്നതിനിടെ ഒരു ചെറിയ അപകടം ഉണ്ടായി. കുറച്ച്‌ ദിവസങ്ങളില്‍ കോടതിയില്‍ പോകാന്‍ കഴിഞ്ഞില്ല എങ്കിലും, കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അപകടത്തെ തുടര്‍ന്ന് ഉണ്ടായിട്ടില്ല എന്ന് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി.

വാള്‍ട്ടര്‍ സാലസ് സംവിധാനം ചെയ്ത ദി മോട്ടോര്‍ സൈക്കിള്‍സ് ഡയറീസ് എന്ന ചിത്രം കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് നിയുക്ത ചീഫ് ജസ്റ്റിസിന്റെ മറുചോദ്യം ഇങ്ങനെ ‘ഏര്‍ണസ്റ്റോ ചെഗ്വേരയുടെ ജീവിത കഥ അല്ലേ?’. അല്‍പ്പനേരത്തെ മൗനത്തിന് ശേഷം ജസ്റ്റിസ് ബോബ്ഡെ തുടര്‍ന്നു. ‘ഇത് വരെ കണ്ടിട്ടില്ല. പക്ഷേ കാണണം എന്ന് ആഗ്രഹിച്ച ചിത്രം ആണ്. താമസിയാതെ കാണും’. ബൈക്ക് യാത്രകളോടുള്ള ഹരം ആ വാക്കുകളില്‍ വ്യക്തം.

നിയുക്ത ചീഫ് ജസ്റ്റിസിന്റെ ഇഷ്ട വിനോദം ഫോട്ടോഗ്രാഫി ആണ്. ഒഴിവ് സമയങ്ങളില്‍ ഫോട്ടോഗ്രാഫിക്കായി സമയം നീക്കി വയ്ക്കാറുണ്ട്. യാത്രകള്‍ക്ക് പോകുമ്ബോഴും സ്വന്തമായി തന്നെ ചിത്രങ്ങള്‍ എടുക്കും. കാനോന്‍ ഇ ഓ എസ് 5 ഡി (Canon EOS 5D) ആണ് ഏറ്റവും അവസാനമായി വാങ്ങിയ ക്യാമറ. അതിലെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് നിയുക്ത ചീഫ് ജസ്റ്റിസ്.

ഗോള്‍ഡന്‍ റിട്രെവര്‍ ഇനത്തില്‍ പെട്ട രണ്ട് വളര്‍ത്ത് നായകളും ജസ്റ്റിസ് ബോബ്ഡെക്ക് ഉണ്ട്. കോടതിയില്‍ നിന്ന് കൃഷ്ണന്‍ മേനോന്‍ മാര്‍ഗിലെ ഏഴാം നമ്ബര്‍ വസതിയിലേക്ക് മടങ്ങിയാല്‍ ജസ്റ്റിസ് ബോബ്ഡെയുടെ അടുത്ത കൂട്ടാണ് ഈ ഗോള്‍ഡന്‍ റിട്രെവര്‍മാര്‍. നവംബര്‍ നാലാം വാരത്തില്‍ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി ആയ കൃഷ്ണന്‍ മേനോന്‍ മാര്‍ഗിലെ അഞ്ചാം നമ്ബര്‍ വസതിയിലേക്ക് മാറുമ്ബോള്‍ ജസ്റ്റിസ് ബോബ്ഡെയെക്ക് ഒപ്പം ഈ കൂട്ടുകാരും ഉണ്ടാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments