Monday, May 6, 2024
HomeKeralaതൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ​ഗോപി

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ​ഗോപി

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ​ഗോപി മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് പ്രഖ്യാപിച്ച മൂന്നാം പട്ടികയില്‍ തൃശൂരിന് പുറമെ ​ഗുജറാത്തിലെ മഹാസേന, സൂറത്ത് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പേരുകളും പുറത്തുവിട്ടിട്ടുണ്ട്. മുന്‍ മന്ത്രി അനില്‍ഭായ് പട്ടേലിന്റെ ഭാര്യ ശാര്‍ദ ബെന്‍ പട്ടേല്‍ മഹാസേനയിലും ​ദര്‍ശന ജര്‍ദോഷ് സൂററ്റിലുമാണ് ജനവിധി തേടുന്നത്.

നേരത്തെ സഖ്യകക്ഷിയായ ബിഡിജെഎസിനു നല്‍കിയ സീറ്റ് ആണ് തൃശൂര്‍. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ സ്ഥാനാര്‍ഥിയാവണം എന്ന നിബന്ധനയിലാണ്, എ ക്ലാസ് മണ്ഡലം എന്നു ബിജെപി വിലയിരുത്തുന്ന സീറ്റ് സഖ്യകക്ഷിക്കു നല്‍കിയത്. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരത്തിന് എത്തിയതോടെ അവിടെ ശക്തനായ സ്ഥാനാര്‍ഥി വേണം എന്ന വിലയിരുത്തലിനെത്തുടര്‍ന്ന് തുഷാര്‍ വയനാട്ടിലേക്കു മാറി. തുടര്‍ന്നു തൃശൂര്‍ സീറ്റ് ബിജെപി തിരിച്ചെടുക്കുകയായിരുന്നു.സുരേഷ് ​ഗോപിക്ക് പുറമെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എംടി രമേശ് എന്നിവരേയും പാര്‍ട്ടി പരി​ഗണിച്ചിരുന്നു. നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കാണ് ഒടുവില്‍ നറുക്ക് വീണത്.

ഇതുസംബന്ധിച്ച്‌ സുരേഷ് ഗോപിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടിയന്തരമായി ഡല്‍ഹിയില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം സുരേഷ് ഗോപിക്കു നിര്‍ദേശം നല്‍കിയതായും വാര്‍ത്തകള്‍ വന്നിരുന്നു.നേരത്തെ തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങളില്‍ സുരേഷ് ഗോപിയുടെ പേരു പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സുരേഷ് ഗോപി തന്നെ ഇക്കാര്യം നിഷേധിച്ചു രംഗത്തുവന്നു. പുതിയ സിനിമയ്ക്കു ഡേറ്റ് കൊടുത്തതായും മത്സര രംഗത്തുണ്ടാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ നിഷേധിക്കാനാവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ബിജെപി ഒരു ലക്ഷത്തിലേറെ വോട്ടു പിടിച്ച മണ്ഡലമാണ് തൃശൂര്‍. ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഇവിടെ നേട്ടമുണ്ടാക്കാനാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments