തരൂരിനെ ഗൗനിക്കാതെ സംസ്ഥാന നേതൃത്വം; എ ഗ്രൂപ്പ് പിന്തുണ നേടിയെടുക്കാൻ നീക്കം

തിരുവനന്തപുരം ∙ എൻഎസ്എസ് ആസ്ഥാനത്തു ലഭിച്ച വൻവരവേൽപിനു തൊട്ടുപിന്നാലെ ഉമ്മൻചാണ്ടിയെ സന്ദർശിച്ചതിൽനിന്നു ശശി തരൂരിന്റെ ലക്ഷ്യം പ്രവർത്തകസമിതി അംഗത്വത്തിന് എ വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കലാണെന്ന് വിലയിരുത്തൽ. എന്നാൽ, കേരള, കേന്ദ്ര നേതാക്കളുടെ മനോഭാവം ആശാവഹമല്ല. ഈ സാഹചര്യത്തിലാണു പാർട്ടിക്കു പുറത്തുള്ള പൊതുസ്വീകാര്യത പ്രയോജനപ്പെടുത്തുന്ന പര്യടനത്തിനു തരൂർ മുതിർന്നത്. ആദ്യഘട്ടത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും കാന്തപുരം എ.പി.അബൂബക്കർ മുസല്യാരെയും സന്ദർശിച്ച തരൂർ രണ്ടാം ഘട്ടത്തിൽ ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. മാരാമൺ കൺവൻഷന്റെ ഭാഗമായുള്ള യുവ സംഗമം ഉദ്ഘാടനം ചെയ്യുന്നതും തരൂർ തന്നെ. ‘ഡൽഹി നായർ’ എന്ന് ഒരിക്കൽ ശശി തരൂരിനെ മുദ്ര കുത്തിയ എൻഎസ്എസ് ജനറൽ സെക്രട്ടറി ആ തെറ്റു തിരുത്തുന്നതായി പ്രഖ്യാപിച്ചതു ശ്രദ്ധേയമായി. തരൂരിനെ പ്രതീക്ഷയായി യുഡിഎഫിലെ ചിലരെങ്കിലും കാണുന്നുണ്ടെങ്കിൽ അവർക്കൊപ്പമാണ് എൻഎസ്എസും എന്ന വ്യക്തമായ സന്ദേശമാണ് ജി.സുകുമാരൻ നായർ നൽകിയത്. കോൺഗ്രസിന്റെ ഏതു നേതാവിനെ പുകഴ്ത്തിയാലും സന്തോഷമേയുള്ളു എന്ന പ്രതികരണമാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനിൽനിന്ന് ഇന്നലെ ഉണ്ടായത്. എന്നാൽ, തരൂരിന്റെ നീക്കങ്ങളെ സംശയ ദൃഷ്ടിയോടെ തന്നെയാണ് കേരളത്തിലെ നേതൃത്വം കാണുന്നത്. ആദ്യം സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്ന് അവർ വിചാരിക്കുന്നു. കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി.സതീശനും ഇക്കാര്യത്തിൽ ഒരേ നിലപാടാണ്. കെ.സുധാകരൻ തരൂരിനെ പൂർണമായും കൈവിട്ടിട്ടില്ലെങ്കിലും പൊതുധാരണ ലംഘിക്കാനില്ല. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ വാക്കിനു പ്രസക്തിയേറുന്നത്. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ എ വിഭാഗം യുവാക്കളുടെ മൗനപിന്തുണ തരൂരിന് ലഭിച്ചെന്നു കരുതുന്നവരാണേറെ. രമേശ് ചെന്നിത്തല പ്രവർത്തക സമിതിയിലേക്കു വരട്ടെ എന്നതാണു കെപിസിസിയുടെ നിലപാട്. എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും കോൺഗ്രസിന്റെ ദേശീയ പദവികൾ ഒഴിയാനാണു സാധ്യത എന്നിരിക്കെ ഇരുവരും തരൂരിന്റെ കാര്യത്തിൽ എടുക്കുന്ന നിലപാടിനു പ്രാധാന്യമുണ്ട്.