തെലുങ്ക് സീരിയല്‍ താരം പ്രദീപ് കുമാര്‍ (29) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ അല്‍കാപുരി കോളനിയിലെ വസതിയിലാണ് പ്രദീപിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് പ്രദീപ് കുമാറിന്റെ മൃതദേഹം കണ്ടത്.
ഭാര്യയും സുഹൃത്തുമാണ് പ്രദീപിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭാര്യയുമായി കഴിഞ്ഞ ദിവസം പ്രദീപ് കലഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്ക് കടബാധ്യത ഉണ്ടായിരുന്നുവെന്നും കുടുംബവുമായി അകല്‍ച്ചയിലായിരുന്നുവെന്നും പറയപ്പെടുന്നു. തെലുങ്ക് സീരിയല്‍ താരം പവനി റെഡ്ഡിയാണ് പ്രദീപിന്റെ ഭാര്യ. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. സപ്ത മാത്രിക, അഗ്നിപൂവുലു തുടങ്ങിയവയാണ് പ്രദീപിന്റെ പ്രധാനപ്പെട്ട സീരിയലുകള്‍. അഗ്നിപൂവുലുവില്‍ പവനി റെഡ്ഡിയും അഭിനയിച്ചിട്ടുണ്ട്. പോലീസ്, അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.