പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയി സ്മാരകം പൊളിക്കണമെന്ന് പോലീസ്. കോടതി ഉത്തരവിനെ തുടർന്നാണ് പോലീസ് നോട്ടീസ് നൽകിയത്. എന്നാൽ ജിഷ്ണുവിന്റെ സ്മാരകം പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. 2017 ജനുവരി ആറിന് വൈകുന്നേരമാണ് ജിഷ്ണു പ്രണോയി (18) യെ പാമ്പാടി നെഹ്റു കോളജിലെ ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഒന്നാംവർഷ കന്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു ജിഷ്ണു. കോപ്പിയടിച്ചതിന്റെ പേരിൽ ജിഷ്ണുവിനെ താക്കീത് ചെയ്തിരുന്നതായി കോളജ് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ കോളേജിന്റെ വാദങ്ങൾ കേരള സങ്കേതിക സർവകലാശാല തള്ളി. ജിഷ്ണു കോപ്പിയടിച്ചതായി തങ്ങൾക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സർവകലാശാല പരീക്ഷാ കണ്ട്രോളർ വ്യക്തമാക്കി. അതേസമയം ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽവച്ച് മർദിച്ചതായും ഇതിന്റെ പാടുകൾ മൃതദേഹത്തിൽ ഉണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.