ഫ്രാൻസ് ഞായറാഴ്ച വിധിയെഴുതും. 39 വയസുള്ള എമ്മാനുവൽ മാക്രോണിനെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റ് ആക്കാൻ ഫ്രഞ്ച് ജനത തീരുമാനിക്കും എന്നാണു പ്രതീക്ഷ. സർവേകളെല്ലാം മാക്രോണിന് 20 ശതമാനം മുൻതൂക്കം (60-40) നൽകുന്നു.
എന്നാൽ 48 വയസുള്ള തീവ്രവലതുപക്ഷ ദേശീയവാദി നേതാവ് മരീൻ ലെ പെന്നിനെ എഴുതിത്തള്ളാറായിട്ടില്ല. ഏപ്രിൽ 23-ലെ ഒന്നാം റൗണ്ടിനു ശേഷം അവരുടെ ജനപിന്തുണ ഇരട്ടിച്ചു. മാക്രോണിന് ലീഡ് കുറഞ്ഞു. എങ്കിലും മാക്രോണിനു വലിയ ലീഡ് ഇപ്പോഴുമുണ്ട്.
രണ്ടായാലും കഴിഞ്ഞ നാലുദശകക്കാലത്തെ ഇരുകക്ഷി (റിപ്പബ്ലിക്കനും സോഷ്യലിസ്റ്റും) ഭരണത്തിന് ഫ്രാൻസ് ഇതോടെ അന്ത്യംകുറിക്കും. പുതിയ തലമുറ നേതൃത്വത്തിൽ വരും.
രണ്ടാംതവണ
ഇതു രണ്ടാംതവണയാണ് തീവ്ര വലതുപക്ഷമായ നാഷണൽ ഫ്രണ്ടിന്റെ സ്ഥാനാർഥി രണ്ടാം റൗണ്ടിൽ കടക്കുന്നത്. മരീന്റെ പിതാവ് ഴാങ് മരീ ലെ പെൻ 2002-ൽ രണ്ടാം റൗണ്ടിലെത്തി. 18 ശതാമനം വോട്ട് നേടി. അച്ഛനെ പുറത്താക്കി പാർട്ടി പിടിച്ച മരീൻ ആദ്യറൗണ്ടിൽ നേടിയത് 76 ലക്ഷം വോട്ട്. 2002-ൽ അച്ഛനു കിട്ടിയതിലും 28 ലക്ഷം കൂടുതൽ.
കന്നിക്കാരൻ
എമ്മാനുവൽ മാക്രോൺ ഇതാദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഫ്രാൻസിലെ ഒന്നാം നിര സ്കൂളുകളിൽ പഠിച്ചശേഷം റോഥ്സ് ചൈൽഡ് ബാങ്കിൽ നിക്ഷേപ ബാങ്കറായി പ്രവർത്തിച്ചു. കുറേക്കാലം ഫ്രാൻസിൽ ധനമന്ത്രിയായിരുന്നു. 24 വയസ് പ്രായക്കൂടുതലുള്ള തന്റെ സ്കൂൾ അധ്യാപികയെ വിവാഹംകഴിച്ച മാക്രോണിന്റെ പരിചയക്കുറവ് എതിരാളികൾ വിഷയമാക്കുന്നു.
മുനിസിപ്പൽ കൗൺസിൽ മുതൽ യൂറോപ്യൻ പാർലമെന്റ് വരെ അംഗമായിരുന്ന ലെ പെൻ രണ്ടുതവണ വിവാഹമോചനം നേടി. ഇപ്പോൾ ഒരു പങ്കാളിയുമൊത്തുകഴിയുന്നു.ഒന്നാംറൗണ്ട്കഴിഞ്ഞപ്പോൾ തീവ്രവാദം മയപ്പെടുത്തിയാണ് പ്രസംഗങ്ങൾ.
സർവേകൾ
ഒന്നാം റൗണ്ടിൽ സർവേകൾ പ്രവചിച്ചപോലെ ഫലം വന്നു. 78 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ പോളിംഗ് തുലോം കുറയാം. രണ്ടു സ്ഥാനാർഥികളെപ്പറ്റിയും മതിപ്പില്ലാത്തതാണു കാരണം. മാക്രോണിനു രാഷ്ട്രീയപാരന്പര്യമില്ല. ലെ പെൻ ഉന്നയിക്കുന്ന തീവ്രദേശീയതയോടു നഗരങ്ങളിൽ എതിർപ്പാണ്. എന്നാൽ കർഷകരും ഗ്രാമീണരും നഗരങ്ങളിലെ ദരിദ്രവിഭാഗങ്ങളും ലെ പെനിനു പിന്നിലാണ്. നഗരങ്ങളിൽ പോളിംഗ് കുറഞ്ഞാൽ മാക്രോണിന് വോട്ട് കുറയും. ഇടതുപക്ഷവും മധ്യവർത്തികളുംകൂടി തീവ്രവലതുപക്ഷത്തിനെതിരേ 2002-ലേതുപോലെ യോജിച്ചു നിൽക്കുന്നില്ല. സ്വന്തം രാഷ്ട്രീയപ്രസ്ഥാനമില്ലാത്ത മാക്രോണിനു പിന്തുണ നൽകാൻ പലരും മടിക്കുന്നു. മരീൻ ലെ പെൻ ആകട്ടെ ചാഞ്ചാട്ടമുള്ളവരെ വശത്താക്കാൻ പ്രത്യേക ശ്രമം നടത്തുന്നു.