Friday, April 26, 2024
HomeKeralaസീറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് നാളെ ചേരും

സീറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് നാളെ ചേരും

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചു നല്‍കിയതിനെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സീറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് നാളെ ചേരും. ഇത് സംബന്ധിച്ച് സിനഡില്‍ പങ്കെടുക്കേണ്ട ബിഷപ്മാരുടെ സൗകര്യം ബന്ധപ്പെട്ടര്‍ തേടിയതായാണ് വിവരം.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച് ബിഷപ്മാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്,മാര്‍ മാത്യു മൂലക്കാട്ട്,മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ് ജേക്കബ് മനത്തോടത്ത് എന്നിവരാണ് സ്ഥിരം സിനഡ് അംഗങ്ങള്‍. ഇവര്‍ക്ക് പകരക്കാരായി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍,ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍,ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം,മാര്‍ പോള്‍ ആലപ്പാട്ട് എന്നിവരാണുള്ളത്. സ്ഥിരം സിനഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ബിഷപ് മാര്‍ ഇല്ലെങ്കില്‍ പകരക്കാരയവരുടെ പട്ടികയിലുള്ള ഏതെങ്കിലും ബിഷപ്മാര്‍ സൗകര്യമനുസരിച്ച് സിനഡില്‍ പങ്കെടുക്കും. നാളെ ചേരുന്ന അടിയന്തര സിനഡില്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് പങ്കെടുക്കില്ലെന്നാണ് വിവരം. നിലവില്‍ അദ്ദേഹം റോമിലായതിനാലാണ് പങ്കെടുക്കാത്തത്. അദ്ദേഹത്തിന് പകരമായി പകരക്കാരുടെ പട്ടികയിലുള്ള ബിഷപ്മാരില്‍ ആരെങ്കിലുമായിരിക്കും പങ്കെടുക്കുക.നാളെ ഉച്ചകഴിഞ്ഞായിരിക്കും അടിയന്തര സിനഡ് ചേരുകയെന്നാണ് അറിയുന്നത്. ഭുമി വില്‍പന വിവാദത്തെ തുടര്‍ന്ന് അതിരൂപതയുടെ ചുമതലയില്‍ നിന്നും നേരത്തെ നീക്കി നിര്‍ത്തിയിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഏതാനും ദിവസം മുമ്പ് മാര്‍പാപ്പ ഭരണ ചുമതല തിരിച്ചു നല്‍കുകയും ഒപ്പം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരെ അതിരൂപതയുടെ സഹായമെത്രാന്‍ പദവിയില്‍ നിന്നും സസ്‌പെന്റു ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ അതിരൂപതയിലെ നല്ലൊരു വിഭാഗം വൈദികരും രംഗത്തു വരികയും കഴിഞ്ഞ ദിവസം ഇവര്‍ യോഗം ചേര്‍ന്ന് വത്തിക്കാന്റെ നടപടിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എറണകുളം-അങ്കമാലി അതിരൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപ് വേണമെന്നും ആത് തങ്ങളെ അറിയുന്നവരും തങ്ങള്‍ക്കറിയാവുന്നവരും ആയിരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളിലെ ധാര്‍മിക അപചയത്തിന് യാതൊരു വിശദീകരണവും നല്‍കാതെ വീണ്ടും കാര്യങ്ങള്‍ പഴയ സ്ഥിതിയില്‍ എത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും വൈദികര്‍ കുറ്റപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് ഭൂമിയിടപാടില്‍ കാനോനിക-സിവില്‍ നിയമ ലംഘനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍പാപ്പ അതിരൂപതയുടെ ഭരണപരമായ കാര്യങ്ങളില്‍ നിന്നും നീക്കം ചെയ്ത അധ്യക്ഷനെ അതേ സാഹചര്യം ഗൗരവമായി നിലനില്‍ക്കേ തല്‍സ്ഥാനത്ത് തിരികെ എത്തിച്ച നടപടിയുടെ ധാര്‍മികതയെക്കുറിച്ച് സാധാരണ വിശ്വാസികള്‍ക്ക് പോലും സംശയമുണ്ട്.ഇത് ദുരീകരിക്കാന്‍ സീറോ മലബാര്‍ സഭ സിനഡ് എത്രയും വേഗം നടപടിയെടുക്കണം. അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളില്‍ വന്ന കെടുകാര്യസ്ഥതയിലും അതിന്റെ ധാര്‍മിക അപജയത്തിന്റെയും കാരണങ്ങള്‍ വിശ്വാസികളെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ അതിരൂപത അധ്യക്ഷനെന്ന നിലയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിക്കുന്ന കല്‍പനങ്ങളും നിര്‍ദേശങ്ങളും ഇടയലേഖനങ്ങളും വായിക്കുമ്പോള്‍ മനസാക്ഷി പ്രശ്‌നം ഉണ്ടാകുമെന്നും കര്‍ദിനാള്‍ വിരുദ്ധ പക്ഷ വൈദികര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രമേയം അതിരൂപതയിലെ ദേവാലയങ്ങളില്‍ വായിച്ച് പിന്തുണ നേടാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതിനു പിന്നാലെ കര്‍ദിനാള്‍ അനൂകൂല പക്ഷ വൈദികരും യോഗം ചേര്‍ന്ന് വിരുദ്ധ പക്ഷത്തിന്റെ നീക്കം തടയാനുള്ള ശ്രമങ്ങളൂം ആരംഭിച്ചതായാണ് വിവരം.ഇത്തരത്തില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ ചേരിപ്പോര് മൂര്‍ച്ഛിച്ചിരിക്കുന്നതിനു പിന്നാലെയാണ് നാളെ സ്ഥിരം സിനഡ് ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments