Thursday, June 20, 2024
HomeInternationalഇന്ന് ജൂൺ 5. ലോക പരിസ്ഥിതി ദിനം,പ്രതീക്ഷകള്‍ പച്ചപിടിക്കട്ടെ

ഇന്ന് ജൂൺ 5. ലോക പരിസ്ഥിതി ദിനം,പ്രതീക്ഷകള്‍ പച്ചപിടിക്കട്ടെ

ഇന്ന് ജൂൺ 5. ലോക പരിസ്ഥിതി ദിനം – പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനും വേർതിരിച്ച ദിനം. പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ വിവിധ ലോകരാഷ്ട്രങ്ങള്‍ക്കു പ്രേരകശക്തിയായത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

പരിസ്ഥിതി സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഏത് വിഷയവും പരിസ്ഥിതി സൗഹൃദമാണോ വിരുദ്ധമാണോ എന്ന് വിലയിരുത്തി തള്ളാനും കൊള്ളാനും തയ്യാറാകുന്ന ഒരു സംസ്‌കാരം തന്നെ ഇവിടെ വളര്‍ന്നു വന്നിരിക്കുന്നു. നമ്മുടെ വീട്, പൂന്തോട്ടം, വാഹനം, നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വസിക്കുന്ന പ്രദേശം, സഹവസിക്കുന്ന ജനങ്ങള്‍ എല്ലാം അടങ്ങിയതാണ് പരിസ്ഥിതി. കടലും കായലും പുഴയും പാതകളും പര്‍വ്വതങ്ങളും കാടുകളും തുടങ്ങി സമൂഹം ഒന്നിച്ചനുഭവിക്കുന്ന എല്ലാം അതിന്റെ ഭാഗമാണ്.
നമ്മുടെ പ്രകൃതിപരമായ ചുറ്റുവലയമാണ് നാം പരിസ്ഥിതികൊണ്ട് അര്‍ത്ഥമാക്കുന്നത്. അവയെല്ലാം കേടുവരുത്താതെ മലിനമാക്കാതെ സൂക്ഷിക്കുകയാണ് പരിസ്ഥിതി സംരക്ഷണം.

നാഗരികമായി വളര്‍ച്ച പ്രാപിക്കുമ്പോഴും സാംസ്‌കാരികവും ധാര്‍മികമായ ഒരു കരുതല്‍ പ്രകൃതിക്കു നല്‍കാന്‍ നാം താല്പര്യം പുലര്‍ത്തണം. അനേക കോടി വരുന്ന ചരാചരങ്ങളുടെ സുജീവനത്തിന്റെ ദര്‍പ്പണമായി പരിസ്ഥിതിയെ കാണാന്‍ ശീലിക്കണം. മാനുഷിക സമീപനത്തിലെ പൊരുത്തക്കേടുകള്‍ പരിസ്ഥിതിയില്‍ പ്രതിഫലിച്ചു നില്‍ക്കുന്നതു പോലെ തിരിച്ചും സംഭവിക്കുമെന്ന് ചിന്തിക്കണം.

സാമ്രാജ്യത്വ ശക്തികള്‍ ആധിപത്യ മോഹങ്ങളുമായി ലോകം കീഴടക്കുകയും വ്യത്യസ്ത ദേശങ്ങളിലുള്ള വൈവിധ്യങ്ങളായ ജൈവസമ്പത്ത് കൊള്ളയടിക്കുകയും ചെയ്തതു മുതലാണ് പരിസ്ഥിതിക്കു മേല്‍ ചൂഷണത്തിന്റെ ആപത്കരമായ പ്രവണതകള്‍ ലോകജനത കണ്ടുതുടങ്ങുന്നത്. കൊളോണിയല്‍ യുഗത്തിന് അന്ത്യം കുറിച്ചെങ്കിലും കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അര്‍ഥത്തിലുള്ള ചൂഷണാത്മക വ്യവസ്ഥിതി ആഗോളതലത്തില്‍ അദൃശ്യമായി ആധിപത്യം നേടുന്നതിന്റെ പരിണിത ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന പരിസ്ഥിതി ശോഷണം.

സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യന്‍ സ്വീകരിച്ച വരുന്ന അനഭിലഷീണയവും അശാസ്ത്രീയവുമായ വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും തദ്വാര ഈ ഭൂമിയുടെ തന്നെയും നിലനില്‍പ്പ് അപകടത്തിലായേക്കാം. ഇവിടെയാണ് പരിസ്ഥിതി ദിനത്തിന്റെ പ്രസക്തി വർധിക്കുന്നത്.

ആധുനിക മനുഷ്യരില്‍ ഒട്ടുമിക്കപേരും സ്വാര്‍ഥ മോഹികളായി വളരുകയാണ്. ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പരസ്പരം വേര്‍തിരിച്ചറിയാനാകാതെ ഉഴറുന്നു. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു കൊണ്ട് തൃപ്തി വരാതെ ആഢംബരങ്ങള്‍ക്കു വേണ്ടി പരക്കം പായുന്നു. അങ്ങനെ ആഡംബരങ്ങള്‍ വീണ്ടും ആവശ്യങ്ങളായി മാറുന്നു. തന്മൂലം ഉപഭോഗത്തിന്റെ അളവ് പതിന്മടങ്ങ് വര്‍ധിക്കുന്നു. എന്നാല്‍ ആനുപാതികമായ തോതില്‍ പ്രകൃതി വിഭവങ്ങള്‍ കൂടുന്നില്ല താനും. ഇവ്വിധം വിഭവങ്ങളുടെ അപര്യാപ്തത മാനിക്കാതെ നിര്‍ലോഭം ചൂഷണം തുടരുമ്പോഴാണ് മനുഷ്യനും പ്രകൃതിയും തമ്മില്‍ മല്‍പിടുത്തമുണ്ടാകുന്നത്; ഭൂമിയുടെ അസന്തുലിതാവസ്ഥ മൂലം പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന് മേല്‍ തിരിച്ചടിക്കുന്നത്! ജനങ്ങളുടെ അനിയന്ത്രിതമായ കൈകടത്തലുകള്‍ മൂലം കരയിലും കടലിലും നാശം ഭവിക്കുന്നു.

ഭൂമിയുടെ നിലനില്‍പ്പ് കീഴ്‌മേല്‍ മറിച്ചിടുന്നതാകരുത് നമ്മുടെ വികസന സങ്കല്‍പങ്ങള്‍. പ്രകൃതി നേരിടുന്ന ഈ സന്ദിഗ്ധാവസ്ഥ ഒരു പരിധി വരെ ദൂരീകരിക്കാന്‍ വര്‍ത്തമാനകാല സമൂഹത്തിനു ചെയ്യാവുന്നതില്‍ പ്രധാനപ്പെട്ടൊരു കര്‍മം മരങ്ങള്‍ പരമാവധി നട്ടുവളര്‍ത്തുക എന്നതാണ്. സസ്യലതാദികളുടെ സ്വര്‍ഗഭൂമിയായിരുന്ന മലയാള മണ്ണിന്റെ പൂര്‍വാവസ്ഥ വീണ്ടെടുക്കാന്‍ നമുക്ക് കഴിയണം. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ മത, ജാതി, വര്‍ഗ, വര്‍ണ വൈജാത്യങ്ങള്‍ മറന്ന് നാം കൂട്ടായി യത്‌നിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പരിസ്ഥിതി മറന്നുകൊണ്ടാകരുത് വികസനമുണ്ടാകേണ്ടത്.

വനനശീകരണം

വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. ഇന്ത്യയിലും കേരളത്തിലും വനപ്രദേശത്തിന്‍റെ വിസ്തൃതി കുറഞ്ഞ് വരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയും വഴി മാത്രമേ ഈ ദുഃസ്ഥിതി തടയാന്‍ കഴിയൂ. വൃക്ഷങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

ഓസോണ്‍ ദ്വാരങ്ങള്‍ ഉളവാക്കുന്ന എ സി

എ.സി.കള്‍ പുറന്തള്ളുന്ന ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ അഥവാ C.F.C യാണ് ആഗോള താപനത്തിനു കാരണമായ “ഓസോണ്‍ ദ്വാരങ്ങള്‍ “ ഉണ്ടാക്കുന്നത്! അതായത് ചൂട് കുറയ്ക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യം, വീണ്ടും ചൂട് കൂട്ടാനേ സഹായിയ്ക്കൂ!!
എ.സി.കള്‍ വളരെ അധികം വൈദ്യുതി ഉപയോഗിച്ചു തീര്‍ക്കുന്നു. അപ്പോള്‍ വൈദ്യുതി ക്ഷാമം ഉണ്ടാകും, കൂടുതല്‍ ഉല്പാദനം വേണ്ടി വരും. ജലവൈദ്യുതിയാണെങ്കില്‍ അത് വനനശീകരണം ഉണ്ടാക്കും. കല്‍ക്കരിയോ ഡീസലോ മറ്റോ ആണെങ്കില്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കും. ഫലം ചൂടു വീണ്ടും കൂടും!!

സുസ്ഥിര വികസനമെന്ന ഹരിത വികസനത്തിലേക്ക്‌ ചുവടുമാറ്റം

സംസ്ഥാനം സുസ്ഥിര വികസനമെന്ന ഹരിത വികസനത്തിലേക്ക്‌ ചുവടുമാറ്റം നടത്തേണ്ടതായിട്ടുണ്ട്‌. 1992 ല്‍ ഇന്ത്യയടക്കം 130 രാജ്യങ്ങള്‍ പങ്കെടുത്ത റിയോഡിജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലെ മുഖ്യ അജണ്ടയും സുസ്ഥിര വികസനം എന്നതായിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യന്റെ പ്രകൃതിയുടെ മേല്‍ നടന്ന കടന്നുകയറ്റം ലോകത്തെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നതിന്‌ ഇടവരുത്തി. വികസനത്തിന്റെ പേരില്‍ അന്തരീക്ഷത്തിലേക്ക്‌ വ്യവസായങ്ങള്‍ തള്ളുന്ന വിഷ വായു, വനനശീകരണം, കൃഷിയില്‍ ഉപയോഗിക്കുന്ന അമിതമായ രാസവള-കീടനാശിനി പ്രയോഗം, പ്രകൃതി വിഭവങ്ങളുടെ അമിത ഉപയോഗം, നദികളുടെ ഗതിമാറ്റിയുള്ള ഉപയോഗം, വിളകളുടെ ജനിതക മാറ്റം, ജനസംഖ്യാ വിസ്ഫോടനം, അമിതമായ വ്യവസായവല്‍ക്കരണം, ഫോസില്‍ ഇന്ധനങ്ങളുടെ ക്രമാതീതമായ ഉപയോഗം, ജലം വില്‍പ്പന ചരക്കായത്‌ എന്നിവയെല്ലാം ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പ്പിന്‌ ഭീഷണിയായിരിക്കയാണ്‌.

മാനവരാശി അവലംബിക്കുന്ന സാമ്പത്തിക നയങ്ങള്‍ വന്‍ പരിസ്ഥിതി നാശത്തിലേയ്ക്കാണ്‌ ലോക സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്‌. ആഗോള പരിസ്ഥിതിയും വികസനവും സംബന്ധിച്ച കമ്മീഷനാണ്‌ ആദ്യമായി സുസ്ഥിര വികസനമെന്ന ആശയം ലോകത്തിന്‌ മുന്നില്‍ തുറന്നത്‌. എക്കാലവും നിലനില്‍ക്കാവുന്ന വികസനമാണ്‌ നമുക്ക്‌ വേണ്ടതെന്ന്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇന്നത്തെയും നാളെത്തേയും തലമുറകളുടെ ജീവിതം ദുസ്സഹമാക്കാതിരിക്കുവാന്‍ ഇത്‌ അത്യന്താപേക്ഷിതവുമാണ്‌. ഇന്നത്തെ ആവശ്യങ്ങള്‍ നാളത്തെ തലമുറയുടെ ആവശ്യങ്ങള്‍ കവര്‍ന്ന്‌ തിന്നുന്നതാകരുതെന്നാണ്‌ സുസ്ഥിര വികസനത്തിലെ പ്രധാന ആശയം.

നമുക്കെന്തു ചെയ്യാന്‍ കഴിയും?

– പ്രകൃതിവിഭവങ്ങളുടെ ചൂഷണം, കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അമിതമായ പുറന്തള്ളല്‍, പരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍, വനനശീകരണം, പ്ലാസ്റ്റിക് ഉപയോഗം, ജലം, വായു, മണ്ണ് മലിനമാക്കുന്ന പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ ഉപഭോഗം, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം എന്നിവയെല്ലാം കുറയ്ക്കണം.
– സാങ്കേതികവിദ്യയുടെ സഹായത്തോടെ മാലിന്യങ്ങള്‍ സംസ്‌കരിക്കുക.
– സസ്യജന്യ ഉല്പന്നങ്ങള്‍ റീസൈക്കിള്‍ ചെയ്യുക.
– നിലവിലുള്ള സാഹചര്യത്തില്‍ തൃപ്തരായി പ്രകൃതിചൂഷണം പരമാവധി കുറയ്ക്കുക.
– ആവശ്യത്തിനനുസരിച്ച് ഉല്പന്നങ്ങള്‍ നിര്‍മിക്കുക.
– മരംകൊണ്ട് നിര്‍മിച്ചിട്ടുള്ള ഉപകരണങ്ങള്‍ പുതിയവ വാങ്ങിക്കൂട്ടാതെ നിലവിലുള്ളവ സംരക്ഷിച്ചു നിലനിര്‍ത്തുക.
– റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന ഉല്പന്നങ്ങള്‍ ഉപയോഗിക്കുക.
– ഭക്ഷണം പാഴാക്കിക്കളയാതിരിക്കുക.
– ജനനനിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുക.
– ആവാസ മേഖലകളിലേക്കുള്ള കടന്നുകയറ്റം ഒഴിവാക്കുക.

പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തി അവയ്ക്ക് വ്യക്തിപരമായും സംഘടിതമായും ചെയ്യാന്‍ കഴിയുന്ന പരിഹാരപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ പ്രതീക്ഷകള്‍ പച്ചപിടിക്കട്ടെ എന്നു പ്രാര്‍ഥിക്കാം. എല്ലാ വായനക്കാർക്കും സിറ്റി ടി വിയുടെ പരിസ്ഥിതി ദിന ആശംസകൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments