Saturday, May 4, 2024
HomeNationalലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവുശിക്ഷ , അഞ്ചു ലക്ഷം രൂപ പിഴ

ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവുശിക്ഷ , അഞ്ചു ലക്ഷം രൂപ പിഴ

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവുശിക്ഷ. ഇതിനു പുറമെ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാനും റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. പിഴയൊടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി തടവനുഭവിക്കണം. പലതവണ മാറ്റിവെച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. വിധിയെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് ജഡ്ജി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കേസിലെ മറ്റു 16 പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചു. മൂന്നര വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവാണ് ഇവര്‍ക്ക് ശിക്ഷ ലഭിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ലാലു പ്രസാദ് യാദവിന്റെ അഭിഭാഷകന്‍ പ്രഭാത് കുമാര്‍ പറഞ്ഞു. 1991-94 കാലയളവില്‍ ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ ഇടപാടിന്റെ പേരില്‍ ദ്യോഗാര്‍ ജില്ലാ ട്രഷറിയില്‍നിന്ന് (നിലവില്‍ ഝാര്‍ഖണ്ഡിന്റെ ഭാഗം) കണക്കില്‍പെടാത്ത 84.5 ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് കേസ്. അതേസമയം ലാലു പ്രസാദ് യാദവിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പറ്റ്‌നയില്‍ റാബ്രി ദേവിയുടെ വസതിയില്‍ചേര്‍ന്ന ആര്‍.ജെ.ഡിയുടെ അടിയന്തര നേതൃയോഗം വിലയിരുത്തി. ബി.ജെ.പിയും ആര്‍.എസ്.എസും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമാണ് നീക്കത്തിനു പിന്നില്‍. നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കാന്‍ ലാലു നടത്തിയ ശ്രമങ്ങളാണ് ഈ കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. ഇത്തരം നടപടികള്‍ കൊണ്ട് പാര്‍ട്ടിയെ തളര്‍ത്താന്‍ കഴിയില്ല. ബി.ജെ.പിക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും കൂടുതല്‍ ശക്തനായി ലാലു ജയിലില്‍നിന്ന് തിരിച്ചുവരുമെന്നും യോഗ ശേഷം മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. ലാലു പ്രസാദിന് പിന്തുണയുമായി നൂറു കണക്കിന് ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പറ്റ്‌നയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലും പാര്‍ട്ടി ഓഫീസിനു സമീപവും തടിച്ചുകൂടിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments