Wednesday, December 11, 2024
HomeKeralaമായം കലര്‍ത്തി പാക്കറ്റ് വെളിച്ചെണ്ണ വിൽക്കുന്നു

മായം കലര്‍ത്തി പാക്കറ്റ് വെളിച്ചെണ്ണ വിൽക്കുന്നു

പാക്കറ്റ് വെളിച്ചെണ്ണ വ്യാപകമായി മായം കലര്‍ത്തി വില്‍പന നടത്തുന്നതായി പരാതി. ഉപയോഗശൂന്യമായ ഓയില്‍ ഒരു പ്രത്യേക കെമിക്കല്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വെള്ളനിറത്തിലുള്ള ദ്രാവകം കൂടുതല്‍ അളവിലുള്ള വെളിച്ചെണ്ണയില്‍ ചേര്‍ത്തിയാണ് വില്‍പന. ഫുഡ് സര്‍ക്കിള്‍ ഓഫിസുകളിലെ ഓഫിസര്‍മാരുടെ ഒത്താശയോടെയാണ് ഇത്തരം നടപടികളെന്ന് ആരോപണമുണ്ട്. പിടിക്കപ്പെട്ടാല്‍ 1,000 മുതല്‍ 2,000 രൂപ വരെ പിഴ ഈടാക്കിയാണത്രേ പ്രശ്‌നം പരിഹരിക്കുന്നത്. വില കുറച്ചു കാണിക്കരുതെന്ന സ്വകാര്യ നിര്‍ദേശവും ഇവര്‍ നല്‍കുന്നുണ്ട്. ഇതാണത്രെ പല കമ്പനികളും 175ഉം 200ഉം രൂപ പാക്കറ്റില്‍ രേഖപ്പെടുത്താന്‍ കാരണം.സാധാരണ ശുദ്ധമായ വെളിച്ചെണ്ണ തണുപ്പുകാലത്ത് തണുത്തുറഞ്ഞ് കട്ടയാവും. എന്നാല്‍, മായം കലര്‍ന്നത് ഓയില്‍ പോലെയാണ് കാണപ്പെടുക. പുറമേ വെളിച്ചെണ്ണയുടെ മണം ലഭിക്കുന്ന രാസവസ്തുവും ചേര്‍ക്കും. എന്നാല്‍, പാചകം ചെയ്യുമ്പോള്‍ ഈ ഗന്ധം നിലനില്‍ക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നു. വൃത്തിയില്‍ പാക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ വാങ്ങുന്നുണ്ട്. എന്നാല്‍, ഒരു ലിറ്റര്‍ വെളിച്ചെണ്ണ കിട്ടണമെങ്കില്‍ 1.5 കിലോ കൊപ്ര ആട്ടണം. ഇതിനു വരുന്ന 133 രൂപയടക്കം 150 രൂപയെങ്കിലും ചെലവുവരും. ഇതാണ് 130 മുതല്‍ 140 രൂപയ്ക്ക് വില്‍ക്കുന്നത്. കൃത്രിമവസ്തുക്കള്‍ ചേര്‍ക്കാതെ ഈ വിലയ്ക്ക് നല്‍കാനാവില്ലെന്നാണ് ആളുകള്‍ പറയുന്നത്. മഞ്ചേരി ഓഫിസില്‍ പരിശോധനയ്ക്കായി സാംപിള്‍ കൊണ്ടുപോയാലും രക്ഷയുണ്ടാവാറില്ലെന്ന് വര്‍ഷങ്ങളായി ആരോപണമുണ്ട്. പരാതിക്കാരനെ പ്രതിയാക്കുന്നതാണ് ഓഫിസറുടെ പതിവു രീതിയത്രെ. മട്ട അരി കഴുകിയപ്പോള്‍ പച്ചരിയായതായി ഒരു വീട്ടമ്മ പരാതി നല്‍കി. പിന്നീട് വിവരമന്വേഷിച്ചപ്പോള്‍ ഫോണില്‍ വിളിച്ച് ശല്യം ചെയ്യരുതെന്നായിരുന്നു താക്കീത്. ഓഫിസിലെ ജീവനക്കാരുടെ പരാതികള്‍പോലും പരിഗണിക്കാറില്ലെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും പരിശോധനയ്ക്ക് ലാബുകളുണ്ട്. എന്നാല്‍, ഇവ അക്രഡിറ്റഡ് ലാബ് അല്ല. മിക്ക ജില്ലകളിലെയും ഓഫിസുകള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപവും നിലവിലുണ്ട്. നിലമ്പൂരില്‍ അഞ്ചുമാസം മുമ്പ് ആരംഭിച്ച സര്‍ക്കിള്‍ ഓഫിസ് പൂട്ടിയത് വിവാദമായിരുന്നു. കരാറെഴുതിയിട്ടും മാസങ്ങളായി തുറക്കാത്തതിനാല്‍ ഉടമ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. പരിശോധനപോലും നടത്താതെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എഐ)യുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും പരാതിയുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments