കോവിഡ് പ്രതിരോധം: രാജു എബ്രഹാം എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും 1.32 കോടി രൂപ അനുവദിച്ചു

രാജു എബ്രഹാം എംഎല്‍എയുടെ 2020-2021 ആസ്തിവികസന ഫണ്ടില്‍ നിന്നും 1,32 കോടി രൂപയുടെ അനുമതിപത്രം ജില്ലാ കളക്ടര്‍ പി.ബി നൂഹിന് രാജു എബ്രഹാം എം.എല്‍.എ കൈമാറുന്നു.

കോവിഡ് 19  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് രാജു എബ്രഹാം എംഎല്‍എയുടെ 2020-2021 ആസ്തിവികസന ഫണ്ടില്‍ നിന്നും 1,32 കോടി  രൂപ അനുവദിച്ചു. ഫണ്ട് അനുവദിച്ചുകൊണ്ടുള്ള രേഖ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് രാജു എബ്രഹാം എം.എല്‍.എ കൈമാറി.  രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് റാന്നി താലൂക്ക് ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഫണ്ട് അനുവദിച്ചത്. ഈ തുക ഉപയോഗപ്പെടുത്തി 9 വെന്റിലേറ്ററുകള്‍, 5000 പി.പി.ഇ കിറ്റുകള്‍,  1134 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എന്നിവ അടിയന്തരമായി താലൂക്ക് ആശുപത്രിയ്ക്കു ലഭ്യമാക്കും. 9 വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനു 87,92,298 രൂപയും 700 രൂപ വിലമതിക്കുന്ന 5000 പി.പി.ഇ കിറ്റുകള്‍ വാങ്ങുന്നതിന് 35,00000 രൂപയും 800 രൂപ വിലവരുന്ന 1134 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങുന്നതിന് 9,07,702 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.  സംസ്ഥാന ധനമന്ത്രി ഫണ്ടുമായി ബന്ധപ്പെട്ട അനുമതി നല്‍കുന്നതോടെ പണം ഡി.എം.ഒ യുടെ അക്കൗണ്ടിലെത്തും. തുക അനുവദിച്ചുകൊണ്ടുള്ള രേഖ കൈമാറുന്ന ചടങ്ങില്‍ എ.ഡി.എം അലക്‌സ് പി.തോമസ്, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.എം ഡോ.എബി സുഷന്‍ എന്നിവരും പങ്കെടുത്തു.