Saturday, May 18, 2024
HomeKeralaലോക്ഡൗണ്‍: ആകെ കേസുകള്‍ 436, അറസ്റ്റ് 440

ലോക്ഡൗണ്‍: ആകെ കേസുകള്‍ 436, അറസ്റ്റ് 440

ലോക്ഡൗണ്‍  ലംഘനത്തിന് ശനിയാഴ്ച വൈകിട്ടു മുതല്‍ ഞായറാഴ്ച വൈകിട്ടു നാലുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 436 കേസുകള്‍. 440 പേരെ അറസ്റ്റ് ചെയ്യുകയും 346 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. വളരെ അത്യാവശ്യം അല്ലാത്ത കാര്യങ്ങള്‍ക്കും ആളുകള്‍  പുറത്തിറങ്ങി യാത്രചെയ്യുന്നത് തുടരുന്നതുകൊണ്ടും മറ്റുമാണ്  കേസുകള്‍ക്ക് കുറവുണ്ടാകാത്തതെന്ന് ജില്ലാ പോലീസ് മേധാവി  കെ.ജി.സൈമണ്‍ പറഞ്ഞു.
പണം വച്ച് ചീട്ട് കളിച്ചതിന് രജിസ്റ്റര്‍ ചെയ്ത ഒരു കേസും നിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങി നടന്നവര്‍ക്കെതിരെ എടുത്ത 52 കേസുകളും ഇതില്‍ ഉള്‍പ്പെടും. പണം വച്ച് ചീട്ട് കളിച്ചതിന് കോന്നി പുളിഞ്ചാണിയില്‍നിന്നും മൂന്നു പേരെ പിടികൂടി. കോന്നി മാരൂര്‍ പാലം ഗോപി സദനത്തില്‍ കൃഷ്ണകുമാര്‍(38), അരുവാപ്പുലം വത്സല ഭവനത്തില്‍ സന്തോഷ് കുമാര്‍, (40), അരുവാപ്പുലം പാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ പ്രസന്നന്‍(56)
എന്നിവരെയാണ് കോന്നി എസ് ഐ കുരുവിള സക്കറിയയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പകര്‍ച്ചവ്യാധി തടയല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് സംഘത്തില്‍ സിപിഒമാരായ ജിപ്‌സണ്‍, ഷാജഹാന്‍ എന്നിവരുണ്ടായിരുന്നു.
 ലോക്ഡൗണ്‍  നിരോധനാജ്ഞാ ലംഘനങ്ങള്‍ ഗൗരവമായി കണ്ട്  ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളും. ലോക്ഡൗണിന്റെ ഭാഗമായി ബാങ്കുകളുടെ  പ്രവര്‍ത്തന സമയം നാലു വരെ ആയിരുന്നത് രണ്ടു വരെ  ആക്കി ചുരുക്കിയ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ പോലീസ് സേവനം  ഉറപ്പുവരുത്തും.
കൊവിഡ്-19 സംബന്ധമായ വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും സമൂഹ  മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് കര്‍ശനമായി തടയും. രണ്ടോ  അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ  ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുമെന്നും ഡിജിപിയുടെ നിര്‍ദേശം നടപ്പാക്കുമെന്നും ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുന്നുണ്ടെന്നും സമൂഹമാധ്യമങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നവരെ നിരന്തരം നിരീക്ഷിക്കുന്നതിന് ജില്ലാ സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അഴുകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു
ഏനാത്ത് മണ്ണടി ചന്തക്കു സമീപം പിക്കപ്പ് വാനില്‍ കൊണ്ടുനടന്ന് വിറ്റ അഴുകിയ മത്സ്യം ആരോഗ്യവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. അഴുകിയ മത്സ്യം വില്‍ക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ് ലഭിച്ച രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിന്റെ നിര്‍ദേശാനുസരണം ഷാഡോ പോലീസിന്റെ തന്ത്രപരമായ നീക്കമാണ് ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുക്കാന്‍ സഹായിച്ചത്.
പാകിസ്ഥാന്‍ മുക്ക് പള്ളി വടക്കേതില്‍ ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ് പിക്കപ്പ്. പാകിസ്ഥാന്‍ മുക്ക് ഷൈന്‍ മനസിലില്‍ ബദറുദ്ദീന്റെതായിരുന്നു 1375 കിലോഗ്രാം വരുന്ന കേരച്ചൂര ഇനത്തില്‍പ്പെട്ട മീന്‍.  അഴുകി ചീഞ്ഞ  നിലയിലായിരുന്ന  മീന്‍ ഭക്ഷ്യസുരക്ഷാ ഓഫീസറും ആരോഗ്യവകുപ്പ് അധികൃതരും പിടിച്ചെടുത്തു നശിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുടെയും വില്ലേജ് ഓഫീസറുടെയും സാന്നിധ്യത്തിലായിരുന്നു നടപടി സ്വീകരിച്ചത്.
 വാഹനം പഞ്ചായത്ത് അധികൃതര്‍ക്ക് വിട്ടുകൊടുക്കുകയും തുടര്‍ന്ന് ഏനാത്ത് പോലീസ് ബന്ധവസില്‍ എടുക്കുകയും ചെയ്തു. വാഹന ഉടമയുടെയും മത്സ്യ വ്യാപാരിയുടെയും പേരില്‍ തുടര്‍നടപടികള്‍  കൈക്കൊള്ളാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഏറെ നാളുകളായി ജില്ലാ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. സംഘത്തില്‍ എസ്‌ഐ രഞ്ജു രാധാകൃഷ്ണന്‍, എഎസ്‌ഐമാരായ വില്‍സണ്‍ ഹരികുമാര്‍, സിപിഒ ശ്രീരാജ് എന്നിവരും  ഉണ്ടായിരുന്നു. ഏനാത്ത് എസ്‌ഐ വിപിന്റെ  നേതൃത്വത്തില്‍ വാഹനം സ്റ്റേഷനിലേക്ക് മാറ്റി.

കോടയും  ശര്‍ക്കരയും പിടികൂടി
സീതത്തോട് കോട്ടക്കുഴി ആനചന്തയില്‍ ഓലിക്കല്‍ ഷാജിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നും രണ്ടു കന്നാസ് കോടയും 25 കിലോഗ്രാം ശര്‍ക്കരയും ചിറ്റാര്‍ പോലീസ് പിടികൂടി. ചാരായം വാറ്റാനായി 35 ലിറ്റര്‍ കൊള്ളുന്ന രണ്ട് കന്നാസിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു കോട. ശര്‍ക്കര പ്ലാസ്റ്റിക് ചാക്കിലും സൂക്ഷിച്ചിരുന്നു. പ്രതി ഷാജി ഒളിവിലാണ്. ഇന്നലെ വൈകിട്ട് ചിറ്റാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോടയും  ശര്‍ക്കരയും പിടിച്ചെടുത്തത്. ചിറ്റാര്‍ എസ്‌ഐ സണ്ണി, സിപിഒമാരായ സച്ചിന്‍, രതീഷ്, പ്രശോഭ്, രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments