യുഎസില്‍ യൂണിഫോം ധരിച്ച നഴ്‌സിനു വെടിയേറ്റു

ഒക്കലഹോമ : യൂണിഫോം ധരിച്ചു ജോലി സ്ഥലത്തേക്ക് പുറപ്പെട്ട നഴ്‌സിന് വെടിയേറ്റ സംഭവം ഒ യു മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ യൂണിഫോം ധരിച്ചു പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ സെന്റര്‍ വക്താവ് ഡോ. ജേസണ്‍ സാന്റേഴ്‌സ് സന്ദേശമയച്ചു.

കോവിഡ് 19 സമൂഹത്തില്‍ വ്യാപിക്കുന്നതിന് ഉത്തരവാദി ഹെല്‍ത്ത് കെയര്‍ ജീവനക്കാരാണെന്ന് തെറ്റിദ്ധരിച്ചായിരിക്കാം നഴ്‌സിനെതിരെ ആക്രമണം നടത്തിയതെന്നും ഡോ. പറഞ്ഞു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുവാന്‍ ഡോക്ടര്‍ വിസമ്മതിച്ചു. ഒക്കലഹോമ ഹൈവേ പെട്രോള്‍ സംഘം കില്‍പാട്രിക് ടേണ്‍ പൈക്കില്‍ ഏപ്രില്‍ 1 ബുധനാഴ്ച ഇങ്ങനെ ഒരു സംഭവം നടന്നതായി സ്ഥിരീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സംഭവത്തിന്റെ പേരില്‍ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ ഭയപ്പെടേണ്ടതില്ലെന്നും കഴിയുമെങ്കില്‍ യൂണിഫോം ബാഡ്ജുകള്‍ എന്നിവ ധരിച്ചു പൊതുസ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ് നടത്തുന്ന സേവനങ്ങളെ അഭിനന്ദിക്കുന്നതിനും അവര്‍ക്കാവശ്യമായ സഹകരണം നല്‍കുന്നതിനും ഭൂരിപക്ഷം തയ്യാറാകുമ്പോള്‍ തന്നെ ഇവരെ സംശയദൃഷ്ടിയോടെ നോക്കുന്നവരും ഉണ്ടാകാം. ഇതിനുള്ള ഒരു അവസരം നല്‍കാതെ ഒഴിവാകുന്നതാണ് നല്ലതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.