ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സന്നദ്ധ സംഘടന ലണ്ടനിൽ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറിലേക്ക് വിവാദ വ്യവസായി വിജയ് മല്യയും എത്തി. ക്ഷണിക്കാതെയാണ് മല്യ പരിപാടിക്കെത്തിയത്. എന്നാൽ വിവാദം ഭയന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ മല്യയെ ചടങ്ങിൽ അവഗണിച്ചു. മല്യയുടെ സാന്നിദ്ധ്യം ചടങ്ങിൽ നിന്നും പെട്ടെന്ന് ഒഴിവാകാൻ ഇന്ത്യൻ താരങ്ങൾ നിർബന്ധിതരാക്കിയെന്നാണ് റിപ്പോർട്ടുകൾ. മല്യയെ ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്നും എന്നാൽ ക്ഷണിക്കപ്പെട്ട അഥിതികളിലാരോ മല്യയെയും വിളിക്കുകയായിരുന്നെന്നാണ് കരുതുന്നത്.
ഞായറാഴ്ച പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം കാണാൻ മല്യയെത്തിയത് വൻ വാർത്തയായിരുന്നു. സുനിൽ ഗവാസ്കർ മല്യയോട് സംസാരിക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇന്ത്യാ- പാക് മത്സരത്തിനിടെ തനിക്ക് കിട്ടിയ മാധ്യമ ശ്രദ്ധ കാരണം ഇന്ത്യയുടെ മറ്റു മത്സരങ്ങൾക്കും താനുണ്ടാവുമെന്ന് മല്യ ഇന്ന് ട്വിറ്ററിൽ കുറിച്ചു. മല്യയുടെ ടീമായ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലിയേയും പുകഴ്ത്തി മല്യ ഇന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത് വിജയ് മല്യ രാജ്യം വിടുകയായിരുന്നു. മല്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നേരത്തെ നടത്തിയിരുന്നു. ഇന്ത്യയുടെ പരാതിയെ തുടർന്ന് രാജ്യാന്തര കുറ്റാന്വേഷണ എജൻസിയായ ഇൻറർപോൾ മല്യയെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായി മണിക്കൂറുകൾക്കകം ജാമ്യം തേടി മല്യ പുറത്തെത്തുകയായിരുന്നു.