മധ്യപ്രദേശിൽ കർഷകരുടെ പ്രതിഷേധ സമരത്തിനു നേരെ പൊലീസ് വെടിവെയ്പ്പ് . കൊല്ലപ്പെട്ട കർഷകരുടെ എണ്ണം അഞ്ചായി. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ മൻദസൂരിൽ കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കർഷക പ്രതിഷേധമാണ് അക്രമാസക്തമായത്. സംഘർഷത്തെ തുടർന്ന് ഇൻഡോർ, ഉജ്ജയിൻ, ദേവാസ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് റദ്ദാക്കി.
ഉള്ളി, പരിപ്പ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്കു മികച്ച വില ലഭിക്കണം, ബിജെപി തന്നെ ഭരിക്കുന്ന മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ചെയ്തതുപോലെ കാർഷിക കടങ്ങൾ എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങളുമായാണു കഴിഞ്ഞ നാലു ദിവസമായി കർഷകർ പ്രക്ഷോഭം നടത്തുന്നത്. മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. കർഷകർ കല്ലെറിയുകയും വാഹനങ്ങൾക്കു തീ ഇടുകയും ചെയ്തു. പല കടകളും കൊള്ളയടിക്കുകയും ചെയ്തു.
പ്രതിഷേധത്തിന്റെ ഭാഗമായി ക്ഷീര കർഷകർ 12,000 ലീറ്റർ പാൽ റോഡിൽ ഒഴുക്കിക്കളഞ്ഞു. കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് പാലിനും പച്ചക്കറിക്കും ക്ഷാമം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഒരു ലീറ്റർ പാലിന് 50 രൂപ വച്ചു നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. 37 രൂപ ചെലവു വരുന്നുണ്ടെന്നാണ് ഇവരുടെ വാദം.
അതിനിടെ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 രൂപ നഷ്ടപരിഹാരം നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ അറിയിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി രാവിലെ ഉത്തരവിട്ടിരുന്നു.