മതവിദ്വേഷ പ്രസംഗം നടത്തിയ കുറ്റത്തിന് വിഎച്ച്പി തലവന്‍ പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് , അക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതി. തൊഗാഡിയയെ കണ്ടുകിട്ടുന്നിലെന്ന പൊലീസ് റിപ്പോര്‍ട് തള്ളിയാണ്, 23ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.
2011 എപ്രില്‍ 30ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്ന വിശ്വഹിന്ദു പരിഷിത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗമാണ് കേസിനിടയാക്കിയത്. ഇതിന്റെ വിഡിയേ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 23 സാക്ഷികളാണ് കേസിലുള്ളത്. ഈ കേസിലെ പ്രതി പ്രവീണ്‍ തൊഗാഡിയ ഹാജരാകാത്തതിനാല്‍ കോടതി പലവട്ടം അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു.
ഓരോ അവധിക്കും “പ്രതിയെ കണ്ടു കിട്ടിയില്ലെന്ന“പൊലീസ് റിപ്പോര്‍ട്ടു ഫയല്‍ ചെയ്യുകയാണ് പതിവ്. ചൊവ്വാഴ്ചയും കേസ് കോടതിയിലെത്തിയപ്പോള്‍ പതിവുപല്ലവി ആവര്‍ത്തിച്ചു. ഇതോടെയാണ് ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവിനെ കണ്ടു കിട്ടുന്നില്ലന്നോ? എന്ന ചോദ്യം ഉന്നയിച്ച് “ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനോട് 23ന് നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.