ഏകകാല തെരഞ്ഞെടുപ്പിനായി വാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ. കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തണമെന്നും 2014 ലോക്സഭാ തെരഞ്ഞെടുപ്പിനായി മാത്രം 4000 കോടി രൂപ ചെലവഴിക്കേണ്ടിവന്നെന്നും മോദി പാർലമെന്റിൽ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ഈ ലക്ഷ്യത്തിനായി ഒന്നിക്കണമെന്നും തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തിയാൽ പണവും സമയവും ലാഭിക്കാൻ കഴിയുമെന്നും മോദി അവകാശപ്പെട്ടു.ലോക്സഭയിലേക്കും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കും ഒരേ കാലത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആശയത്തിൽ നമ്മുക്ക് ചർച്ചയാവാം. തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒന്നിച്ചു പ്രവർത്തിക്കാം- മോദി പാർലന്റെിൽ പറഞ്ഞു. 1967 വരെ ലോക്സഭയിലേക്കും രാജ്യസഭയിലേക്കും ഒരേകാല തെരഞ്ഞെടുപ്പുകൾ നടത്തിയിരുന്നത് പ്രധാനമന്ത്രി ഉദാഹരിച്ചു.
ഏകകാല തെരഞ്ഞെടുപ്പ് എന്ന ആശയവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നതായാണ് പുതിയ നീക്കങ്ങൾ നൽകുന്ന സൂചന. ഈ മാസം തുടക്കത്തിൽ ചേർന്ന പാർലമെന്ററി കമ്മിറ്റി യോഗത്തിലും വിഷയം ചർച്ചയായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാക്കൾ വിഷയത്തിലെ തടസങ്ങൾ ചൂണ്ടിക്കാട്ടിയതോടെ ഏകകാല തെരഞ്ഞെടുപ്പ് എന്ന ആശയത്തിൽ സമവായമാകാതെ പോവുകയായിരുന്നെന്ന് മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി വിഷയം പാർലമെന്റിൽ ഉന്നയിക്കുന്നത്.