ശ്രീലങ്കന്‍ നാവിക സേനയുടെ വെടിയേറ്റ് ഇന്ത്യക്കാരനായ മല്‍സ്യത്തൊഴിലാളി മരിച്ചു

ശ്രീലങ്കന്‍ നാവിക സേനയുടെ വെടിയേറ്റ് ഇന്ത്യക്കാരനായ മല്‍സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിട്ജോ (27) ആണ് മരിച്ചത്. ബ്രിട്ജോ സഞ്ചരിച്ചിരുന്ന ബോട്ടിലേക്ക് സേന വെടിയുതിര്‍ക്കുകയായിരുന്നു. ബ്രിട്ജോക്ക് ഒപ്പമുണ്ടായിരുന്ന നാല്പേക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി കച്ചത്തീവിനടുത്താണ് വെടിവെയ്പ്പുണ്ടായത്.

മൃതദേഹം രാമേശ്വരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ബ്രിസ്റ്റോയുടെ കഴുത്തിനാണ് വെടിയേറ്റത്. മത്സ്യത്തൊഴിലാളിയായ ശരവണ(22)ന്കാലിന് പരിക്കേറ്റു.

തിങ്കളാഴ്ച രാമേശ്വരം തുറമുഖത്ത് നിന്ന് ബ്രിസ്റ്റോയുടെ വള്ളം അടക്കം 400 വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് പോയിരുന്നത്. വള്ളത്തിന് സമീപത്ത് എത്തിയാണ് ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തതെന്ന് ഫിഷറീഷ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കുലച്ചിനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, വെടിവെപ്പ് നടന്നുവെന്ന വാര്‍ത്ത ശ്രീലങ്കന്‍ നാവികസേന നിഷേധിച്ചു. മത്സ്യബന്ധനത്തിന് പോയ 85 മത്സ്യത്തൊഴിലാളികളും 128 വള്ളങ്ങളും ശ്രീലങ്കന്‍ സേനയുടെ കസ്റ്റഡിയിലാണ്.