ഫ്രഞ്ച് പൊലീസിനു നേർക്ക് പാരിസിലെ നോട്രെഡാം കത്തീഡ്രലിനു പുറത്ത് ആക്രമണം. പൊലീസുകാരനെ ചുറ്റിക ഉപയോഗിച്ച് ആക്രമിക്കാനെത്തിയ യുവാവിനെ ഉദ്യോഗസ്ഥൻ വെടിവച്ചു വീഴ്ത്തി. പ്രദേശം പൊലീസിന്റെ നിയന്ത്രണത്തിലാണ്. പരുക്കേറ്റ അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതു സിറിയയ്ക്കു വേണ്ടിയാണെന്ന് അക്രമി വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ഫ്രഞ്ച് മന്ത്രി അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം ലണ്ടനിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഫ്രാൻസിലെങ്ങും കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.
ഫ്രാൻസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് നോട്രെഡാം. വെടിവയ്പ്പിനെത്തുടർന്ന് വിനോദസഞ്ചാരികൾ ചിതറിയോടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2015 മുതൽ ഫ്രാൻസിൽ അടിക്കടി ഭീകരാക്രമണം ഉണ്ടാകാറുണ്ട്. ഇതുവരെ 230ൽ അധികം പേര്‍ക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. ഏപ്രിൽ 20നാണ് അവസാനം ഫ്രാൻസിൽ ആക്രമണം നടന്നത്. ഒരു പൊലീസുകാരനാണ് അന്നു വെടിയേറ്റു മരിച്ചത്.