മോഷ്ടാക്കളായ പെണ്‍പട കട കൊള്ളയടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 6 സ്ത്രീകളടങ്ങുന്ന സംഘം തിരക്കേറിയ ദാബ്രി റോഡിലെ ഒരു കടയില്‍ തന്ത്രപൂര്‍വ്വം മോഷണം നടത്തുകയായിരുന്നു. പക്ഷേ പണം കൈക്കലാക്കിയെങ്കിലും കടയുടെ ഉള്ളിലും പുറത്തുമായുള്ള 3 സിസിടിവി ക്യാമറകളില്‍ ഇവരുടെ നീക്കങ്ങളെല്ലാം പതിഞ്ഞു. ദൃശ്യങ്ങളില്‍ 6 സ്ത്രീകളെ വ്യക്തമായി കാണാം. ഇവര്‍ കടയ്ക്ക് മുന്നിലെത്തി ആരെയോ കാക്കുകയാണെന്ന മട്ടില്‍ ഇരിക്കുന്നു. തുടര്‍ന്ന് ചുറ്റുപാടും മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം 3 പേര്‍ വിരിപ്പുകള്‍ ഉയര്‍ത്തി മറച്ചുപിടിക്കുന്നു. ഈ സമയം മറ്റ് മൂന്നുപേര്‍ ഷോളിന്റെ മറവിലിരുന്ന് കടയുടെ ഷട്ടര്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയാണ്. തുടര്‍ന്ന് കൂട്ടത്തില്‍ ഏറ്റവും മെലിഞ്ഞ ശരീര പ്രകൃതിയുള്ള യുവതി ഷട്ടറിനുള്ളിലൂടെ കടയ്ക്കുള്ളിലേക്ക് നുഴഞ്ഞുകയറുന്നു. ഇതോടെ കൂട്ടാളികള്‍ കടയ്ക്ക് മുന്നില്‍ നിന്ന് മാറുകയും ചെയ്യുന്നു. അതേസമയം യുവതി ഷട്ടറിനുള്ളിലൂടെ നൂഴ്ന്ന് കയറുന്നതും പണം തിരയുന്നതും മോഷ്ടിക്കുന്നതും കടയ്ക്കുള്ളിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വായില്‍ ടോര്‍ച്ച് കടിച്ചുപിടിച്ചുകൊണ്ടാണ് മോഷണം നടത്തുന്നത്. മോഷണശേഷം പുറത്തേക്ക് സിഗ്നല്‍ നല്‍കുകയും അതനുസരിച്ച് കൂട്ടാളികള്‍ വീണ്ടും ഷട്ടര്‍ ഉയര്‍ത്തിക്കൊടുത്ത് യുവതിയെ പുറത്തെത്തിക്കുകയുമാണ്. തുടര്‍ന്ന് 6 അംഗ സംഘം രക്ഷപ്പെടുന്നു. 6 പേരുടെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞതിനാല്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
6 സ്ത്രീകളടങ്ങുന്ന സംഘം കട കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ സി സി ടിവിയിൽ
RELATED ARTICLES