നടി ആക്രമിക്കപ്പെട്ട കേസിൽ ചോദ്യംചെയ്യലിനു വിധേയനായ സംവിധായകൻ നാദിർഷാ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി മുൻകൂർ ജാമ്യഹർജിയിൽ നാദിർഷാ ആരോപിച്ചു. കേസ് അന്വേഷണവുമായി ഇതുവരെ എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട്. എന്നാൽ കേസിലുൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ജാമ്യഹർജിയിൽ നാദിർഷാ ആവശ്യപ്പെട്ടു. പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തെറ്റായ മൊഴികൾ പറയാൻ പോലീസ് ആവശ്യപ്പെടുന്നതായും നാദിർഷാ ഹർജിയിൽ പറയുന്നു. അടുത്തദിവസംതന്നെ ഹൈക്കോടതി ഹർജി പരിഗണിക്കുമെന്നാണു സൂചന. നെഞ്ചുവേദനയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് നാദിർഷാ. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ നാദിർഷാ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസിൽ പ്രതിയായ പൾസർ സുനിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലും ഈ മൊഴികളെ സാധൂകരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നടൻ ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സംവിധായകൻ നാദിർഷാ ഹൈക്കോടതിയിൽ
RELATED ARTICLES