വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഡിടിപിസി നൂതന പദ്ധതി നടപ്പാക്കും

ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് മികച്ച പ്രചാരണം നല്‍കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് നൂതന പദ്ധതി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) യോഗം  തീരുമാനിച്ചു.  യോഗത്തില്‍ എംഎല്‍എമാരായ രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കോന്നി ഡിഎഫ്ഒ കെ.എന്‍. ശ്യാം മോഹന്‍ലാല്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഹുസൈന്‍, ഡിറ്റിപിസി സെക്രട്ടറി ആര്‍.ശ്രീരാജ്, ഡിടിപിസി അംഗങ്ങളായ മോഹന്‍രാജ് ജേക്കബ്, എ.എന്‍. സലിം, മനോജ് ചരളേല്‍, ആര്‍. അജയകുമാര്‍, അജി അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്‍ കൂട്ടാകുന്ന പദ്ധതികള്‍ വിശദമായി  ആസൂത്രണം ചെയ്യാന്‍ ജനപ്രതിനിധികളും ജില്ലാ കളക്ടറും അടങ്ങുന്ന ഉപസമിതിക്ക് രൂപം നല്‍കി. ഗവിയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നതിന് ഡിറ്റിപിസി പുതിയ രണ്ടു വാഹനങ്ങള്‍ സജ്ജമാക്കും. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാക്കും.  ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി. ജില്ലയുടെ വിനോദസഞ്ചാര സാധ്യത പ്രചരിപ്പിക്കുന്നതിന് ശബരിമലയുമായി ബന്ധപ്പെട്ട് ഡിടിപിസിയുടെ സ്റ്റാള്‍ തുടങ്ങുന്നതിനും തീരുമാനമായി.  
ഡിറ്റിപിസിക്ക് വരുമാനം ലഭിക്കുന്ന രീതിയില്‍ വേണം വിനോദ സഞ്ചാര മേഖലയിലെ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതെന്ന് രാജു എബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. ആറന്‍മുളയില്‍ പുരാവസ്തു പ്രദര്‍ശനം നടത്താന്‍ ഡിറ്റിപിസി നടപടി സ്വീകരിക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ നിര്‍ദേശിച്ചു. തീര്‍ഥാടന ടൂറിസം പദ്ധതികള്‍ക്ക് ജില്ലയിന്‍ അനന്ത സാധ്യതയുണ്ടെന്നും ഇതിന് അനുസൃതമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ സ്വഭാവിക ഭംഗി നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടി വൈദ്യുതി ബോര്‍ഡുമായി ചര്‍ച്ച ചെയ്യണമെന്ന് രാജുഎബ്രഹാം എംഎല്‍എ പറഞ്ഞു.