Friday, April 26, 2024
HomeCrimeഹാഷിഷും കഞ്ചാവും വിറ്റ സംഘത്തെ ഷാഡോ പോലീസ് പിടികൂടി

ഹാഷിഷും കഞ്ചാവും വിറ്റ സംഘത്തെ ഷാഡോ പോലീസ് പിടികൂടി

സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ വഴി ഹാഷിഷും കഞ്ചാവും വിറ്റ സംഘത്തെ ഷാഡോ പോലീസ് പിടികൂടി
സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ വഴി ഓഫര്‍ വില്‍പ്പനയാണ് നടത്തിയിരുന്നത്. സംഭവത്തില്‍ രണ്ടംഗ സംഘം കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. പള്ളുരുത്തി സ്വദേശി സുബിന്‍ (24), ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി രാജന്‍ സെല്‍വം (37) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇവരില്‍ നിന്നും വില്‍പനയ്ക്കായി തയ്യാറാക്കിയ നിരവധി പാക്കറ്റ് ഹാഷിഷും, കഞ്ചാവും, ലഹരി വസ്തുക്കള്‍ വിറ്റഴിച്ച് കിട്ടിയ 49,500 രൂപ, ഇലക്‌ട്രോണിക് ത്രാസ് തുടങ്ങിയവയും കണ്ടെടുത്തു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ വില്‍പന നടത്തുവാനായി സ്‌റ്റോക്ക് ചെയ്തതായിരുന്നു ഹാഷിഷും, കഞ്ചാവും. സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശിന്റ നിര്‍ദേശപ്രകാരം നഗരത്തില്‍ ഷാഡോ പോലീസ് നടത്തിയ ശക്തമായ പരിശോധനകളെ തുടര്‍ന്ന് വില്‍പന നടത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് പിന്നീട് സംഘം 40 ശതമാനം ഓഫറിട്ട് വില്‍പ്പനയ്ക്ക് വെക്കുകയായിരുന്നു.ലഹരി വിപണിയില്‍ ഇരുപത് ഗ്രാം തൂക്കം വരുന്ന രണ്ടായിരം രൂപ വിലയുള്ള ഒരു പാക്കറ്റ് കഞ്ചാവിന് ഓഫര്‍ കഴിഞ്ഞിട്ട് ആയിരത്തി ഇരുനൂറ് രൂപയായിരുന്നു സംഘം ഈടാക്കിയിരുന്നത്. മുന്തിയ ഇടപാടുകാര്‍ക്കിടയില്‍ മാത്രമായിരുന്നു ഹാഷിഷ് വിറ്റഴിച്ചിരുന്നത്. ഡി സി പി ജെ ഹിമേന്ദ്രനാഥിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും എത്തിക്കുന്ന ഹാഷിഷും കഞ്ചാവും രാജന്‍ സെല്‍വത്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയില്‍ നഗരത്തില്‍ ചുറ്റി സഞ്ചരിച്ചായിരുന്നു ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സി ഐ അനന്തലാല്‍, ഷാഡോ എസ്‌ഐ എ ബി വിബിന്‍, ഷാഡോ പോലീസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments