സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ക്ലൗഡ് സീസിങ് വഴി കൃത്രിമ മഴ പെയ്യിക്കുന്നതിന്റെ സാധ്യതകളാണ് തേടുക. സില്‍വര്‍ അയഡൈഡിന്റെയോ പൊട്ടാസ്യം അയഡൈഡിന്റെയോ പരലുകള്‍ ആകാതത്തു വിതറി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണിത്.
വരള്‍ച്ചാ പ്രശ്നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്കവേയാണ് മുഖ്യമന്ത്രി കൃത്രിമ മഴയ്ക്കുള്ള സാധ്യതകള്‍ തേടുന്നതായി ആറിയിച്ചത്.
സംസ്ഥാനം നേരിടുന്ന കടുത്ത വരള്‍ച്ചാ ഭീഷണി നേരിടാന്‍ ആവശ്യമെങ്കില്‍ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനാണ് ആലോചിക്കുന്നത്. വരള്‍ച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വരള്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാരല്ല കാരണക്കാരെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.വരള്‍ച്ച നേരിടുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തുടങ്ങിയിരുന്നുവെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും സഭയെ അറിയിച്ചു.
ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ആദ്യം വേണ്ടതെന്ന് ആവശ്യപ്പെട്ടാണ് ഷാഫി പറമ്പില്‍ സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കൂടിയാലോചന കൊണ്ടോ ചേര്‍ന്ന യോഗത്തിന്റെ എണ്ണം കൊണ്ടോ ജനങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ കഴിയില്ലെന്നും ഷാഫി പറമ്പില്‍ സഭയില്‍ പറഞ്ഞു.