വാഹനാപകടത്തിൽ മരിച്ച യുകെജി വിദ്യാർഥികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

0
68

കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

കൂത്താട്ടുകുളം ∙ പുതുവേലിയിൽ വാഹനാപകടത്തിൽ മരിച്ച യുകെജി വിദ്യാർഥികളായ ആൻമരിയ ഷിജിക്കും നയന ദിലീപിനും വാൻ ഡ്രൈവർ ജോസ് ജേക്കബിനും (സിബി–47) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ രാവിലെ നയനയുടെയും ആൻമരിയയുടെയും മൃതദേഹങ്ങൾ സ്കൂളിലെത്തിച്ചപ്പോൾ സഹപാഠികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു.

കുഞ്ഞനുജത്തിമാരുടെ വേർപാട് അറിയാതെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ജോബിനും നന്ദനയും എല്ലവർക്കും നൊമ്പരമായി. ഇരുകാലുകളിലും കയ്യിലും ശസ്ത്രക്രിയയെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ജോബിനെ സഹോദരി ആൻമരിയയുടെ ചേതനയറ്റ ശരീരം കാണാൻ ട്രോളിയിലാണ് ആശുപത്രിയുടെ മുന്നിലെത്തിച്ചത്.

കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള ആംബുലൻസുകൾ സ്കൂളിലെത്തുമ്പോൾ വിദ്യാർഥികൾ റോഡിന്റെ ഇരുവശവും പൂക്കൾ കൈകളിലേന്തി പ്രണാമമർപ്പിക്കാൻ കാത്തുനിന്നു. സ്കൂളിലെ പ്രധാനമന്ദിരത്തിനു മുന്നിലെ പന്തലിൽ മൃതദേഹങ്ങൾ അടുത്തടുത്തായി വച്ചപ്പോൾ കൂടിനിന്ന അധ്യാപികമാർക്കിടയിൽ നിന്നും തേങ്ങലുകളുയർന്നു. സിഎംഐ സഭാ കോർപറേറ്റ് മാനേജർ ഫാ. തോമസ് പുതുശേരി, മേരിഗിരി ആശ്രമം സുപ്പീരിയർ ഫാ. ജോസ് നെടുമ്പാറ, പ്രിൻസിപ്പൽ ഫാ. ഫിജി നടുവിലേത്തറയിൽ എന്നിവരുടെ നേതൃത്വത്തിൽ വൈദികർ പ്രാർഥനാ ശുശ്രൂഷകൾ നടത്തി. അധ്യാപികമാർ കീർത്തനങ്ങൾ ആലപിച്ചു.

പൊതുദർശനത്തിനു ശേഷം നയനയുടെ മൃതദേഹം മുത്തോലപുരം ചേലയ്ക്കൽ ഭാഗത്തെ പെരുമ്പിള്ളിൽ വീട്ടിൽ എത്തിച്ച് ഉച്ചയ്ക്കു ശേഷം സംസ്കരിച്ചു. നയനയുടെ പിതാവ് ദിലീപ് ഖത്തറിൽ നിന്ന് ഇന്നലെ പുലർച്ചെ എത്തിയിരുന്നു. നരിപ്പാറയിലെ വട്ടപ്പാറ വീട്ടിൽ എത്തിച്ച ആൻമരിയയുടെ മൃതദേഹം ഇന്ന് ഒൻപതിനു വസതിയിൽ ശുശ്രൂഷകൾക്കു ശേഷം ജോസ്ഗിരി പള്ളിയിൽ സംസ്കരിക്കും. ജിദ്ദയിൽ നഴ്സായ അമ്മ സിമിലി മൈക്കിൾ ഇന്നലെ രാവിലെ എത്തി.സിബിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നു രാവിലെ മുത്തോലപുരം ചക്കാലപ്പാറയിലെ തെക്കേപള്ളിക്കാപ്പറമ്പിൽ വീട്ടിലെത്തിച്ചു. വൈകിട്ട് സംസ്കാരം നടത്തി.

പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ മരിച്ച കുട്ടികളുടെയും സിബിയുടെയും വീടുകളിലെത്തി അന്തിമോപചാരം അർപ്പിച്ചു. എംഎൽഎമാരായ അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി, ആന്റണി ജോൺ, കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ, നഗരസഭാധ്യക്ഷൻ പ്രിൻസ് പോൾ ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, അംഗം കെ.എൻ. സുഗതൻ എന്നിവരുൾപ്പെടെ ഒട്ടേറെ നേതാക്കൾ അന്തിമോപചാരം അർപ്പിക്കാനെത്തി.