കാണാതായ മ്യാൻമർ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ആൻഡമാൻ കടലിൽ തിരച്ചിൽ നടത്തിയ നാവിക സംഘമാണ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെടുത്തത്. സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 106 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദാവെ സിറ്റിയിൽനിന്നും 136 മൈൽ അകലെയാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെടുത്തത്. തിരച്ചിൽ തുടരുകയാണ്. വിമാനങ്ങളും കപ്പലുകളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
ദക്ഷിണ നഗരമായ മേയ്ക്കിനും യാങ്കൂണിനുമിടയ്ക്കാണ് വിമാനം കാണാതായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.35 ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ദവേയ് നഗരത്തിനു 20 മൈൽ പടിഞ്ഞാറെത്തിയപ്പോഴായിരുന്നു ഇത്. യാങ്കൂണിൽനിന്നു രാവിലെയാണ് വൈ–8 വിമാനം സർവീസ് ആരംഭിച്ചത്. വിമാനത്തിൽ 105 യാത്രക്കാരും 11 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
വിമാനം കാണാതായ സമയത്തു കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ വിമാനത്തിന് എന്തോ സാങ്കേതിക തകരാർ സംഭവിച്ചതാണ് അപ്രത്യക്ഷമായതിനു പിന്നിലെന്നാണു സൂചന.