പുതുവത്സരദിനത്തിൽ ലണ്ടനിൽനിന്നു മുംബൈയിലേക്കു പറന്ന വിമാനത്തിന്റെ കോക്പിറ്റിൽ അടികൂടിയ പൈലറ്റുമാരെ ജെറ്റ് എയർവെയ്സ് പുറത്താക്കി. അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് പൈലറ്റുമാരെ പുറത്താക്കാൻ തീരുമാനിച്ചതെന്നും കോക്പിറ്റ് അനാഥമാക്കി പൈലറ്റുമാർ പുറത്തിറങ്ങിയത് അക്ഷന്തവ്യമായ തെറ്റാണെന്നും ജെറ്റ് എയർവെയ്സ് വക്താവ് അറിയിച്ചു. വനിതാ പൈലറ്റിനെ അടിച്ച പൈലറ്റിന്റെ ലൈസൻസ് റദ്ദു ചെയ്യുമെന്നാണു സൂചന.
പുതുവത്സരദിനത്തിലാണ് കമാൻഡർ പദവി വഹിച്ചിരുന്ന വനിതാ പൈലറ്റിനെ സഹ പൈലറ്റ് അടിച്ചത്. 324 യാത്രക്കാരുമായി ജെറ്റ് എയർവെയ്സിന്റെ ബോയിംഗ് 777 വിമാനം ലണ്ടനിൽനിന്നു മുംബൈയിലേക്ക് ഒന്പതു മണിക്കൂർ യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെയായിരുന്നു സംഭവം. തർക്കത്തിനൊടുവിൽ സഹ പൈലറ്റ് കമാൻഡർ പദവി വഹിച്ചിരുന്ന വനിതാ പൈലറ്റിനെ അടിച്ചു. ഇതോടെ അടികൊണ്ട വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് വിമാനത്തിന്റെ കോക്പിറ്റിൽനിന്നു പുറത്തുപോയി. പിന്നാലെ അടി കൊടുത്ത പൈലറ്റ് കമാൻഡർ പൈലറ്റിനോട് തിരിച്ചെത്താൻ ഫോണിലൂടെ ആവശ്യപ്പെട്ടു. വനിതാ പൈലറ്റ് ഇതിനു വിസമ്മതിച്ചതിനെ തുടർന്ന് സഹ പൈലറ്റ് കോക്പിറ്റ് അനാഥമാക്കി പുറത്തുവരികയും ചെയ്തു. ഇതോടെ വിമാന ജീവനക്കാർ അടികൊണ്ട പൈലറ്റിനെ അനുനയിപ്പിച്ച് കോക്പിറ്റിലേക്കു തിരിച്ചയച്ചു. പക്ഷേ, കോക്പിറ്റിൽ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാകുകയും വനിതാ പൈലറ്റ് വീണ്ടും കോക്പിറ്റിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. വീണ്ടും ഇടപെട്ട കാബിൻ ക്രൂ അംഗങ്ങൾ ഇവരോട് വിമാനം നിലത്തിറക്കുന്നതുവരെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അപേക്ഷിച്ചു. യാത്രക്കാരുടെ സുരക്ഷയിൽ ജീവനക്കാരുടെ ആശങ്ക മനസിലാക്കിയ അടികൊണ്ട പൈലറ്റ് ഉടൻ കോക്പിറ്റിലേക്കു തിരിച്ചുപോയി വിമാനം സുരക്ഷിതമായി നിലത്തിറക്കി. വിമാനം നിലത്തിറക്കിയതിനു പിന്നാലെ ജെറ്റ് എയർവേയ്സ് തമ്മിലടി സംഭവം ഡിജിസിഎയ്ക്കു റിപ്പോർട്ട് ചെയ്തു. പ്രാഥമിക അന്വേഷണത്തിനുശേഷം സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് രണ്ടു പൈലറ്റുമാരെയും സസ്പെൻഡ് ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) തീരുമാനിച്ചു. കോക്പിറ്റ് അനാഥമാക്കി പൈലറ്റുമാർ പുറത്തുപോയത് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും ഡിജിസിഎ വിലയിരുത്തി.
കോക്പിറ്റിൽ അടികൂടിയ പൈലറ്റുമാരെ ജെറ്റ് എയർവെയ്സ് പുറത്താക്കി
RELATED ARTICLES