ത്രീ സ്റ്റാറിനും അതിനു മുകളിലും നക്ഷത്രനിലവാരമുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചും ബാറുകളുടെ പ്രവര്‍ത്തനസമയം രാത്രി 11 മണി വരെ നീട്ടിയും എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം ശിപാര്‍ശ ചെയ്ത മദ്യനയം മന്ത്രിസഭ അതേപടി അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്തെ ‘മദ്യ’കേരളമാക്കി മാറ്റുന്ന നയം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
മദ്യലഭ്യതകുറച്ച് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം പാടെ പൊളിച്ചഴുതിക്കൊണ്ടുള്ളതാണ് പുതിയ നയം. ജൂലൈ ഒന്നിന് പുതിയ നയം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമാണ് ബാര്‍ ലൈസന്‍സ് ഉള്ളത്.
ജൂലൈ മുതല്‍ ത്രീ സ്റ്റാറിനും അതിനു മുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് (എഫ്.എല്‍- 3) നല്‍കും. എഫ്.എല്‍- 3, എഫ്.എല്‍- 11 ലൈസന്‍സ് ഉള്ള റസ്റ്ററന്റുകളില്‍ ആവശ്യമുള്ള അവസരങ്ങളില്‍ പ്രത്യേക ഫീസ് ഈടാക്കി ബാങ്ക്വറ്റ് ഹാളില്‍ മദ്യം വിളമ്പാനും അനുമതിയുണ്ടാകും. വിദേശമദ്യ ചട്ടമനുസരിച്ച് നല്‍കുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ലൈസന്‍സുകള്‍ നിയമമനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് തുടര്‍ന്നും അനുവദിക്കും. ത്രീ സ്റ്റാറിനും അതിനു മുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കു ശുദ്ധമായ കള്ള് വിതരണം ചെയ്യാനും പ്രത്യേക അനുവാദം നല്‍കും. വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര ലോഞ്ചുകള്‍ക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കും. ബാറുകളുടെ പ്രവര്‍ത്തനസമയം നിലവില്‍ രാവിലെ 9.30 മുതല്‍ രാത്രി 10 വരെ ഉള്ളത് രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെ ആയി ക്രമപ്പെടുത്തും. ടൂറിസം മേഖലയില്‍ സമയം രാവിലെ 10 മുതല്‍ രാത്രി 11 മണി വരെ ആയിരിക്കും.
മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി നിലവിലുള്ള 21 വയസില്‍ നിന്ന് 23 വയസായി ഉയര്‍ത്തും. കള്ളു ഷാപ്പുകള്‍ മൂന്നു വര്‍ഷത്തില്‍ ഒരു തവണ വില്‍പന നടത്തും. കള്ളുഷാപ്പുകള്‍ വില്‍പന നടത്തുമ്പോള്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ക്കു മുന്‍ഗണന നല്‍കും. സുപ്രീംകോടതി ഉത്തരവനുസരിച്ച് ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ മദ്യവില്‍പനശാലകളും അടച്ചുപൂട്ടിയിട്ടുണ്ട്. ഇവയ്ക്ക് അതേ താലൂക്കില്‍ ദേശീയ,സംസ്ഥാന പാതയോരത്തു നിന്ന് 500 മീറ്റര്‍ മാറി സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ടോഡി ബോര്‍ഡ് രൂപീകരിക്കും. അബ്കാരി ചട്ടങ്ങളില്‍ കാലാനുസൃതമ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.