ഉപ്പുമാവിനുള്ളില്‍ 1.29 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ ! കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ പ്രയോഗിക്കുന്ന മാര്‍ഗങ്ങള്‍ ഓരോ ദിവസവും വാര്‍ത്തയായി വരുന്നു. എന്നാല്‍ വിദേശത്തേക്ക് കറന്‍സി നോട്ടുകള്‍ കടത്താന്‍ നടത്തിയ ശ്രമം കസ്റ്റംസുകാരെ പോലും ശരിക്കും ഞെട്ടിച്ചു. ഉപ്പുമാവിനുള്ളില്‍ 1.29 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.
രണ്ട് വിമാനയാത്രക്കാരില്‍ നിന്നാണ് ഈ തുക പിടികൂടിയത്. പുണെ വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ദുബായിലേക്ക് പോകാനെത്തിയ രണ്ട് പേരില്‍ നിന്നാണ് 1.29 കോടി രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് പിടികൂടിയത്.
നിഷാന്ത് വൈ എന്ന യാത്രക്കാരന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ എമിഗ്രേഷന്‍ ഓഫീസര്‍ക്ക് തോന്നിയ സംശയമാണ് കറന്‍സി കടത്ത് പിടികൂടാന്‍ വഴിതെളിച്ചത്. ബാഗേജ് പരിശോധന കഴിഞ്ഞ ശേഷം തിരിച്ചുവിളിച്ച് ചൂടാറാതെ ഉപ്പുമാവ് സൂക്ഷിച്ച കാസറോള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
ഉപ്പുമാവ് സൂക്ഷിച്ചിരുന്ന പാത്രത്തിന് ഭാരം കൂടുതലുള്ളതിലാണ് സംശയം തോന്നിയത്. കറുത്ത പോളിത്തീന്‍ കവറിലാക്കി 86,600 ഡോളറും 15,000 യൂറോയുമായിരുന്നു ഉള്ളിലുണ്ടായിരുന്നത്. ഇയാളെ പിടികൂടിയതോടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സംശയമുള്ള ഒരു യാത്രക്കാരനെ കൂടി പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.
എച്ച് രംഗളാനി എന്ന യാത്രക്കാരിയുടെ ബാഗേജ് പരിശോധിച്ചപ്പോഴും ഉപ്പുമാവ്. അതും തുറന്ന് നോക്കിയപ്പോള്‍ 86,200 ഡോളറും 15,000 യൂറോയുടേയും നോട്ടുകള്‍ കവറിലാക്കിയ നിലയില്‍. രണ്ട് പേരെയും ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു വരുകയാണ്.