Wednesday, December 4, 2024
HomeKeralaസ്വാശ്രയ മെഡിക്കൽ പ്രവേശനം; സർക്കാരിനു മുന്നോട്ടുപോകാം: ഹൈക്കോടതി

സ്വാശ്രയ മെഡിക്കൽ പ്രവേശനം; സർക്കാരിനു മുന്നോട്ടുപോകാം: ഹൈക്കോടതി

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 85 ശതമാനം സീറ്റിൽ ഫീസ് നിരക്ക് അഞ്ച് ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷം രൂപയുമായി നിശ്ചയിച്ച നടപടിയുമായി സർക്കാരിന് മുന്നോട്ട് പോവാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രവേശനത്തിനുള്ള കൗൺസിലിംഗ് നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കി. ഈ ഫീസും ഇത് പിന്നീട് ഉയർത്തിയാൽ നൽകാൻ വിദ്യാർത്ഥികൾ ബാദ്ധ്യസ്ഥരാണെന്ന വ്യവസ്ഥയും കൗൺസലിംഗ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തണം. ഫീസിൽ വ്യത്യാസമുണ്ടാകുമെന്ന് പ്രവേശനം നേടുന്നവരെ അറിയിക്കണം. അന്തിമ ഫീസ് നിശ്ചയിക്കുമ്പോൾ ആ തുക നൽകാമെന്ന ഉറപ്പ് എഴുതി വാങ്ങണമെന്നും ഡിവിഷൻ ബെഞ്ച് നി‌ർദ്ദേശിച്ചു. പഴയ ഫീസ് ഘടന തുടരുമെന്ന് മാനേജ്മെന്റുകളുമായി ഒരിക്കലും കരാറുണ്ടാക്കരുത്. ഓരോ സ്വാശ്രയ കോളേജിലേയും ഫീസ് ഘടന നാളെത്തന്നെ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

സ്വാശ്രയ മെഡിക്കൽ പ്രവേശന ഓർഡിനൻസിനെയും താത്കാലിക ഫീസ് നിശ്ചയിച്ച് ജൂലായ് 13ന് സമിതി പുറപ്പെടുവിച്ച ഉത്തരവിനെയും ചോദ്യം ചെയ്ത് കോഴിക്കോട് കെ.എം.സി.ടി, തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജ് തുടങ്ങിയവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. സ്വാശ്രയ മാനേജ്മെന്റുകൾ 2017 – 18 ലേക്കുള്ള പ്രവേശനത്തിന് പ്രൊസ്പെക്ടസ് തയ്യാറാക്കി അനുമതിക്കായി നൽകിയില്ലെന്നും അഞ്ചു ലക്ഷത്തിൽ താഴെ നിശ്ചയിച്ച ഫീസ് ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷൻ അംഗീകരിച്ചിട്ടുണ്ടെന്നും ഫീസ് നിർണയ സമിതി കോടതിയെ അറിയിച്ചു. ഫീസ് നിർണയത്തിനുള്ള രേഖകൾ മാനേജ്മെന്റുകൾ നൽകാത്തതിനാലാണ് താത്കാലിക ഫീസ് പ്രഖ്യാപിച്ചത്. വിവരങ്ങൾ നൽകിയാൽ ഇതനുസരിച്ച് ഫീസിൽ വ്യത്യാസം വരുത്തുമെന്നും സമിതി വ്യക്തമാക്കി.

രണ്ട് മാസത്തിനുള്ളിൽ അന്തിമ ഫീസ് നിർണയത്തിന് മാനേജ്മെന്റുകൾ വസ്തുതകളും രേഖകളും ഹാജരാക്കണം. ഉയർന്ന ഫീസിനുള്ള അവകാശവാദം തെളിയിക്കാൻ മാനേജ്മെന്റുകൾക്ക് കഴിഞ്ഞാൽ ഉയർന്ന ഫീസ് ഈടാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments