നാല് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. പരിചരിക്കാനെന്ന വ്യാജേന കുഞ്ഞിനെ എടുത്ത് പെട്ടെന്ന് സ്ത്രീ അപ്രത്യക്ഷയായവുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ 11.15നാണ് സംഭവം.
റാന്നി മാടത്തുംപടി ചേത്തോങ്കര സ്വദേശികളായ സജി അനിത എന്നിവരുടേയാണ് കുട്ടി. അമ്മയെ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയക്ക് കൊണ്ടുപോയപ്പോള്‍ സജി പുറത്തിറങ്ങി. ഈ സമയത്ത് കുഞ്ഞും മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് മുറിയിലുണ്ടായിരുന്നത്. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ സ്ത്രീ വന്ന് പാല്‍ കൊടുക്കണമെന്ന് പറഞ്ഞ് കുഞ്ഞിനെ വാങ്ങുകയായിരുന്നു.
പാസ്റ്ററായ സജിയുടെ പ്രസംഗങ്ങള്‍ ധാരാളം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഈ സ്ത്രീ നേരത്തെ തന്നെ ഇവരുമായി അടുപ്പം സ്ഥാപിച്ചിരുന്നു.ഇതിനാലാണ് ഇവരുടെ കയ്യില്‍ കുട്ടിയെ കൊടുക്കാന്‍ കാരണം. അല്‍പ്പസമയം കഴിഞ്ഞ് കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് ആശുപത്രി സിസിടിവി പരിശോധിച്ചപ്പോള്‍ കുഞ്ഞുമായി സ്ത്രീ പോകുന്നത് കണ്ടു.
ആശുപത്രിയിലെ സിസിടിവിയില്‍ കുഞ്ഞിനെ ഇവര്‍ എടുത്തു കൊണ്ട് പോവുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കുലശ്ശേഖരപതി എന്ന സ്ഥലത്ത് സമാന സാഹചര്യത്തില്‍ ഒരു കുഞ്ഞുമായി ഒരു സ്ത്രീ വന്നിറങ്ങിയിട്ടുണ്ടെന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ ആശുപത്രിയിലുണ്ട്. ഏതെങ്കിലും രോഗിയുടെ കൂട്ടിരിപ്പിനായി എത്തിയതായിരുന്നു ഇവരെന്നാണ് കരുതിയിരുന്നത്.