സൌഹൃദം സദാചാരവിരുദ്ധമോ എന്ന ചോദ്യമുയര്‍ത്തി വ്യാഴാഴ്ച മറൈന്‍ഡ്രൈവില്‍ ഒത്തുകൂടിയ ആയിരങ്ങള്‍ ഉയര്‍ത്തിയത് പുരോഗമന കേരളത്തിന്റെയാകെ വികാരം. ശിവസേനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അരങ്ങേറിയ സദാചാരഗുണ്ടായിസത്തിനെതിരെ ഉയര്‍ന്നുപൊങ്ങിയ രോഷത്തിന്റെ പ്രത്യക്ഷ പ്രകടനത്തിനാണ് മറൈന്‍ഡ്രൈവ് വേദിയായത്.
ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തില്‍ നടന്ന ‘സ്നേഹഇരുപ്പ്’ സമരത്തിന് പിന്തുണയുമായി നാനാതുറകളില്‍ നിന്നുള്ളവര്‍ എത്തി. കൈകോര്‍ത്തും ഒരുമിച്ചിരുന്നു പാട്ടുപാടിയും സൌഹാര്‍ദത്തിന്റെ മഹത്തായ സന്ദേശം അവര്‍ ഉയര്‍ത്തി.
ഒരുമിച്ചിരുന്ന സ്ത്രീ, പുരുഷന്മാരെയാണ് ശിവസേനക്കാര്‍ ചൂരല്‍വടികൊണ്ട് അടിച്ചോടിച്ചത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു യുവജനങ്ങളുടെ നേതൃത്വത്തില്‍ സ്നേഹ ഇരുപ്പുസമരം. മേനക ജങ്ഷനു സമീപത്തുനിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവില്‍ ഇരുപ്പുറപ്പിച്ചു.
സിപിഐ എം ജില്ലാസെക്രട്ടറി പി രാജീവ് സമരം ഉദ്ഘാടനംചെയ്തു. ലോകവനിതാദിനത്തില്‍ നടന്ന ശിവസേനയുടെ അഴിഞ്ഞാട്ടത്തിനു പിന്നില്‍ പ്രത്യേകഅജന്‍ഡയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍കുമാര്‍ സദാചാരഗുണ്ടായിസ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നിരവധി സംഘടനകളും പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. ലോ കോളേജ് വിദ്യാര്‍ഥികള്‍, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ സംഘടനകള്‍പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. എഐഎസ്എഫ് ചൂരലുമായി ശിവസേന ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.