ബി.ജെ.പിക്ക് ‘പ്രവചന’ ജയം നല്‍കി എക്സിറ്റ് പോള്‍ ഫലം

0
3

ബി.ജെ.പിക്ക് ‘പ്രവചന’ ജയം നല്‍കി എക്സിറ്റ് പോള്‍ ഫലം

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ‘പ്രവചന’ ജയം നല്‍കി എക്സിറ്റ് പോള്‍ ഫലം. യു.പിയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുന്ന തൂക്കുസഭ വരുമെന്നാണ് എല്ലാ പ്രവചനങ്ങളും കാണിക്കുന്നത്. ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന് കൈവിട്ടു. പഞ്ചാബില്‍ അകാലിദള്‍-ബി.ജെ.പി ഭരണം അട്ടിമറിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ബലാബലത്തില്‍. മണിപ്പൂരില്‍ കോണ്‍ഗ്രസിനും ഗോവയില്‍ ബി.ജെ.പിക്കും മേധാവിത്വം നല്‍കുന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഏറ്റവും ശ്രദ്ധേയമായി തീര്‍ന്നിരിക്കുന്നത് യു.പിയിലെ പ്രവചനമാണ്. എല്ലാ സര്‍വേകളും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നിയമസഭ മാത്രമല്ല, ബി.ജെ.പി ഒന്നാം സ്ഥാനത്ത് എത്തുമെന്നും പ്രവചിക്കുമ്പോള്‍ സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്. മായാവതിക്ക് മൂന്നാം സ്ഥാനം മാത്രമാണ് എല്ലാ ഫലങ്ങളും നല്‍കുന്നത്. മറ്റെല്ലാ പ്രവചനങ്ങളും ശരിയാകാന്‍ സാധ്യതയുണ്ടെന്ന് കാണുന്നവര്‍ പോലും യു.പിയിലെ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വലിയ വിശ്വാസം പുലര്‍ത്തുന്നില്ല.

യു.പിയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടിയില്‍ നടന്ന ഒറ്റ തെരഞ്ഞെടുപ്പിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായിട്ടില്ല. 2007ല്‍ തൂക്കുസഭ പ്രവചിച്ചപ്പോള്‍ അധികാരത്തില്‍ വന്നത് മായാവതി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയക്കം കടക്കില്ളെന്ന നിഗമനവും തെറ്റി. 2012ല്‍ സമാജ്വാദി പാര്‍ട്ടി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയതും പ്രവചനം തെറ്റിച്ചാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 80ല്‍ 73 സീറ്റും കൈയടക്കിയത് പ്രവചന പണ്ഡിതരെയാകെ അമ്പരപ്പിച്ചു.

ബി.ജെ.പി ഒന്നാം സ്ഥാനത്ത് എത്തിയാല്‍ മായാവതി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് വ്യക്തമാണ്. ഹിന്ദുത്വ പ്രയോഗത്തില്‍ മായാവതിയുടെ പിന്നാക്ക വോട്ടുബാങ്ക് ചോര്‍ത്തിയാണ് ബി.ജെ.പി മുതല്‍ക്കൂട്ടുന്നത് എന്നതുതന്നെ കാരണം.മായാവതി ഒന്നാംസ്ഥാനത്തേക്കു കുതിച്ചാല്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. 2014ല്‍ ബി.ജെ.പി സ്വാധീനിച്ച വോട്ടു തിരിച്ചു പിടിക്കാതെ മായാവതിക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഒന്നുകില്‍ ബി.ജെ.പി അല്ളെങ്കില്‍ ബി.എസ്.പി ഒന്നാംനമ്പര്‍ കക്ഷിയാകാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബി.ജെ.പി യു.പിയില്‍ ഒന്നാംകക്ഷിയായാല്‍ പോലും ഭരിക്കാന്‍ അവസരം കിട്ടാത്ത വിധം രാഷ്ട്രീയ ധാരണ രൂപപ്പെടാന്‍ സാധ്യതയേറി. കേവല ഭൂരിപക്ഷം കിട്ടിയില്ളെങ്കില്‍ മായാവതിയുമായി ധാരണയുണ്ടാക്കുന്നതിന് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. യു.പിയില്‍ റിമോട്ട് കണ്‍ട്രോള്‍ ഭരണം ആരും ആഗ്രഹിക്കുന്നില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കേവല ഭൂരിപക്ഷത്തിലേക്ക് കുറഞ്ഞ അകലം മാത്രമാണ് ഉള്ളതെങ്കില്‍ ചെറുകക്ഷികളെ ബി.ജെ.പി വലയിലാക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.